പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയില്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടില്‍ കഴിയുന്ന രോഹിത് ശര്‍മ്മ ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് എത്താനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വൈസ് ക്യാപ്റ്റനായ ബുംറ ടീമിനെ നയിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്.
ഇതു രണ്ടാം തവണയാണ് ബുംറ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 2022 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മ കോവിഡ് ബാധിതനായപ്പോള്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. ഈ വെള്ളിയാഴ്ചയാണ് ( നവംബര്‍ 22) പെര്‍ത്തിലെ വാക സ്റ്റേഡിയത്തില്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
ഡിസംബര്‍ 6 ന് അഡലെയ്ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുമ്പായി രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരും. നവംബര്‍ 30 ന് ആരംഭിക്കുന്ന പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ദ്വിദിന സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ്മ കളിക്കും. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സരപരമ്പരയില്‍ നാലു ടെസ്റ്റുകളില്‍ ജയിച്ചാലേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ സാധ്യത തെളിയുകയുള്ളൂ.
ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഓപ്പണിങ്ങ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്തിയേക്കും. അതല്ലെങ്കില്‍ അഭിമന്യു ഈശ്വരന് അരങ്ങേറ്റത്തിന് വഴി തെളിയും. ഇന്ത്യ എ ടീമിനൊപ്പം എത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക