ന്യൂഡല്‍ഹി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് സൂപ്പര്‍ താരമായ വിരാട് കോഹ് ലിയെയാണ്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള കോഹ് ലിയുടെ കഴിവിലാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനം എന്ന് കരുതുന്ന ഈ ടെസ്റ്റ് പരമ്പര അവിസ്മരണീയമാക്കാന്‍ കോഹ് ലി കിണഞ്ഞുശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയ കോഹ് ലിയെ തളയ്ക്കാനുള്ള വഴികളായിരിക്കും കൂടുതലായി ആലോചിക്കുക. കോഹ് ലിയെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കെട്ടുറപ്പ് തകര്‍ക്കാനുള്ള വഴികളായിരിക്കും ഓസ്‌ട്രേലിയ പദ്ധതിയിടുക. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്ലിയെ എങ്ങനെയായിരിക്കും ലക്ഷ്യമിടുക എന്ന നിഗമനം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍.
'ഓസ്‌ട്രേലിയ എന്താണ് തനിക്കെതിരെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള ബോധ്യം കോഹ് ലിക്ക് ഉണ്ടാവാം. തുടക്കത്തില്‍ അവര്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പന്ത് എറിഞ്ഞ് കോഹ് ലിയുടെ മാനസികാവസ്ഥ എന്താണെന്ന് അളക്കാന്‍ നോക്കാം. ഈ ദിവസങ്ങളില്‍, കോഹ് ലി ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ വെറുതെ വിടുകയും അല്ലാത്തവ ഡ്രൈവ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. മുന്നോട്ടു കയറി കളിക്കുന്ന സമയത്ത് അവസരം നല്‍കാത്ത വിധം തളയ്ക്കാന്‍ കോഹ് ലിയുടെ ബോഡി ലൈന്‍ നോക്കി ആക്രമണം അഴിച്ചുവിടാന്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് നിര ശ്രമിച്ചേക്കും. ന്യൂസിലന്‍ഡ് ഫലപ്രദമായി ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു ഇത്. കോഹ് ലി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, ജോഷ് ഹേസല്‍വുഡ് മിഡില്‍ സ്റ്റമ്പിന് നേരെയുള്ള ലൈനില്‍ പന്തെറിയാന്‍ ലക്ഷ്യമിട്ടേക്കാം. ഓസ്ട്രേലിയ വിവിധ തന്ത്രങ്ങള്‍ പരീക്ഷിക്കും,കോഹ്ലിക്ക് അതിനെക്കുറിച്ച് പൂര്‍ണ്ണമായി അറിയാം.'- സഞ്ജയ് മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക