ന്യൂഡല്‍ഹി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വിരാട് കോഹ് ലിക്ക് ശേഷം ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച റെഡ് ബോള്‍ ബാറ്റര്‍ 27കാരനായ ഋഷഭ് പന്ത് ആയിരിക്കുമെന്ന അവകാശവാദവമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അരങ്ങേറ്റം മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൊടുങ്കാറ്റായി മാറിയ യുവപ്രതിഭ യശസ്വി ജയ്സ്വാളിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഒഴിവാക്കിയാണ് ഋഷഭ് പന്തിന് ഗാംഗുലി മാര്‍ക്കിട്ടത്.
ടെസ്റ്റില്‍ മികച്ച റെഡ് ബോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇതിനോടകം തന്നെ ഋഷഭ് പന്ത് പേരെടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഋഷഭ് പന്ത് മാത്രമാണ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന് ഇനിയും ചെയ്യാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കി.
'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അയാള്‍ ഇനിയും സ്വന്തം കഴിവ് പുറത്തെടുക്കാന്‍ ഉണ്ട്. എന്നാല്‍ റെഡ് ബോളില്‍, അവന്‍ അതിശയകരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അദ്ദേഹം കളിച്ച ഇന്നിംഗ്സ് നോക്കൂ, റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ് ബോള്‍ ബാറ്റര്‍ ആയിരിക്കും പന്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്ത് വലിയ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ'- ഗാംഗുലി പറഞ്ഞു.
2018-19 പര്യടനത്തില്‍, ഒരു സെഞ്ച്വറി ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് 350 റണ്‍സുമായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു ഋഷഭ് പന്ത്. അതേസമയം, 2020-21ല്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 274 റണ്‍സ് നേടിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ സ്‌കോററായിരുന്നു. അതില്‍ സിഡ്നിയിലെയും ഗാബയിലെയും നാല് ഇന്നിംഗ്‌സുകള്‍ ഉള്‍പ്പെടുന്നു.
ന്യൂസിലന്‍ഡിനെതിരെ നിറംമങ്ങി പോയ വിരാട് കോഹ്ലി ശക്തമായി തിരിച്ചുവരുമെന്ന് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു.'അദ്ദേഹം ഒരു ചാമ്പ്യന്‍ ബാറ്ററാണ്. മുമ്പ് ഓസ്ട്രേലിയയില്‍ വിജയം നേടിയിട്ടുണ്ട്. 2014ല്‍ നാല് സെഞ്ച്വറികളും 2018ലും സെഞ്ച്വറി നേടി. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരം ആഗ്രഹിക്കുന്നുണ്ട്. ഇത്തവണത്തേത് അവസാന ഓസ്‌ട്രേലിയന്‍ പര്യടനമായിരിക്കും എന്ന് താരത്തിന് അറിയാം. അതിനാല്‍ കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പരമ്പരയാണ്. ഓസ്ട്രേലിയയില്‍ അദ്ദേഹം സാഹചര്യങ്ങള്‍ ആസ്വദിക്കും. നല്ല പിച്ചുകള്‍ ഉണ്ടാകും. ഈ പരമ്പരയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം കോഹ് ലി പുറത്തെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്' - ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക