പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റ് വരുമ്പോഴെല്ലാം നിരവധി വിവാദങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം കെ എല്‍ രാഹുലിന്റെ പുറത്താവലാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഡിആര്‍എസ് വിധിയെ തുടര്‍ന്ന് കെഎല്‍ രാഹുല്‍ കളിക്കളം വിടാന്‍ ഇടയാക്കിയ സാഹചര്യമാണ് ചര്‍ച്ചയായിരിക്കുന്നത്.
ആദ്യ സെഷനില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത് ഫോമിലേക്ക് ഉയര്‍ന്നു എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രാഹുലിന്റെ വിവാദ പുറത്താകല്‍. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോഴും 74 പന്തില്‍ 26 റണ്‍സുമായി ഒരുവശത്ത് വിക്കറ്റ് കാത്ത് വന്മതില്‍ പോലെ നിന്ന കെ എല്‍ രാഹുലില്‍ ടീം പ്രതീക്ഷ പ്രകടിപ്പിച്ച സമയത്താണ് അപ്രതീക്ഷിത ഔട്ട്. യശസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്ലി എന്നിവര്‍ നിരാശപ്പെടുത്തി കൂടാരം കയറിയ സമയത്താണ് രാഹുല്‍ രക്ഷയ്ക്ക് എത്തുമെന്ന് തോന്നിപ്പിച്ചത്.
ഒറ്റ നോട്ടത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് കെ എല്‍ രാഹുലിന്റെ ബാറ്റില്‍ ഉരസി എന്ന് തോന്നിപ്പിക്കുന്നവിധമാണ് വിക്കറ്റിന് പിന്നില്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളില്‍ എത്തിയത്. ഓസ്‌ട്രേലിയ ഔട്ടിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ വഴങ്ങിയില്ല. തുടര്‍ന്ന് റിവ്യൂ നല്‍കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു.
ഡെലിവറി കടന്നുപോകുമ്പോള്‍ ബാറ്റിനും പന്തിനും ഇടയില്‍ വിടവ് കാണാമായിരുന്നു. എന്നാല്‍ ഡിആര്‍എസില്‍ സ്നിക്കോ മീറ്ററില്‍ സ്‌പൈക്ക് കാണിച്ചതിനാല്‍ മൂന്നാം അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ മറികടന്ന് ഔട്ടാണ് എന്ന് വിധിക്കുകയായിരുന്നു.
പവലിയനിലേക്ക് മടങ്ങുന്നതിനിടയില്‍ ക്ഷമ നശിച്ച രാഹുല്‍ ഫീല്‍ഡ് അമ്പയറുമായി തന്റെ ഭാഗം വാദിക്കുന്നത് കാണാമായിരുന്നു. ബാറ്റും പന്തും തമ്മില്‍ വിടവുണ്ടെന്ന് ഇന്ത്യന്‍ ബാറ്റര്‍ വാദിച്ചു. എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനം അന്തിമമായത് കൊണ്ട് കെ എല്‍ രാഹുലിന് കളിക്കളം വിടാന്‍ മാത്രമേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂ.
സ്നിക്കോ മീറ്ററില്‍ സ്പൈക്ക് ഉണ്ടാകാന്‍ കാരണം പാഡില്‍ ബാറ്റ് തട്ടിയത് കൊണ്ടാവാമെന്ന് റീപ്ലേകളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ മൂന്നാം അമ്പയര്‍ പാരലല്‍ ഫ്രെയിമിലേക്ക് പോകാതിരുന്നതാണ് ഔട്ട് വിളിക്കാന്‍ കാരണമായത് എന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക