കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി കേരളം. യോഗ്യതാ റൗണ്ടിൽ ഗോളടിച്ചു കൂട്ടിയാണ് കേരളത്തിന്റെ തകർപ്പൻ മുന്നേറ്റം. ഇന്ന് പോണ്ടിച്ചേരിയെ മറുപടിയില്ലാത്ത 7 ഗോളുകൾക്ക് കേരളം തകർത്തു. കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത 10 ഗോളിനു കേരളം ലക്ഷദ്വീപിനെ തകർത്തു തരിപ്പണമാക്കിയിരുന്നു.
പോണ്ടിച്ചേരിക്കെതിരായ പോരാട്ടത്തിൽ ഇ സജീഷ്, നസീബ് റഹ്മാൻ എന്നിവർ ഇരട്ട ഗോളുകൾ നേടി. ഹൈദരാബാദിൽ ഡിസംബറിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടം.
ഇന്ന് സമനില മതിയായിരുന്നു കേരളത്തിനു ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ. എന്നാൽ ആധികാരിക വിജയത്തിലൂടെയാണ് കേരളം മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച് മുന്നേറിയത്.
പോണ്ടിച്ചേരിക്കെതിരായ പോരാട്ടത്തിൽ 11ാം മിനിറ്റിലാണ് കേരളം ഗോളടി തുടങ്ങിയത്. 11ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്ക് ഗനി അഹമ്മദ് നിഗം ആണ് വേട്ട തുടങ്ങിയത്.
രണ്ടാം ഗോള്‍ 14ാം മിനിറ്റില്‍. നസീബാണ് സ്‌കോറര്‍. മൂന്നാം ഗോള്‍ 20ാം മിനിറ്റിലെത്തി. സജീഷായിരുന്നു സ്‌കോറര്‍. ശേഷിച്ച നാല് ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. 53ാം മിനിറ്റില്‍ ക്രിസ്റ്റിയാണ് നാലാം ഗോള്‍ വലയിലാക്കിയത്. നസീബ് 64ലും സജീഷ് 67ലും തങ്ങളുടെ രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ഷിജിന്‍ പട്ടിക പൂര്‍ത്തിയാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക