പെര്‍ത്ത്: ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും. ഓസ്ട്രേലിയന്‍ മണ്ണില്‍ 200 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിങ് ജോഡിയായി മാറിയാണ് ജയ്സ്വാളും രാഹുലും ചരിത്ര ബുക്കില്‍ ഇടംപിടിച്ചത്. ബോര്‍ഡര്‍- ഗാവസ്‌കര്‍ ടെസ്റ്റ് ട്രോഫി പരമ്പരയുടെ ആദ്യ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ 161 റണ്‍സും കെ എല്‍ രാഹുല്‍ 77 റണ്‍സും നേടിയാണ് പുറത്തായത്. 201 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. കെ എല്‍ രാഹുലിനെ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സുനില്‍ ഗാവസ്‌കറിന്റെയും ശ്രീകാന്തിന്റെയും റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. 1986ല്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അലന്‍ ബോര്‍ഡര്‍ നയിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെ ഗാവസ്‌കറും ശ്രീകാന്തും ചേര്‍ന്ന് 191 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ആണ് പടുത്തുയര്‍ത്തിയത്. ഇതാണ് ജയ്സ്വാളും രാഹുലും ചേര്‍ന്ന് പഴങ്കഥയാക്കിയത്.
ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ്് കൂട്ടുകെട്ടാണ്. 2013ല്‍ മൊഹാലിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 289 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം ക്ലച്ച് പിടിച്ച ഇന്നിങ്സ് കൂടിയാണിത്. 2004ലാണ് അവസാനമായി ഇന്ത്യന്‍ ഓപ്പണിങ് സഖ്യം ഓസീസ് മണ്ണില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിഡ്നിയില്‍ വീരേന്ദര്‍ സെവാഗ്- ആകാശ് ചോപ്ര സഖ്യമാണ് ഇതിനു മുന്‍പ് അവസാനമായി ഓസ്ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയത്. അന്ന് 123 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക