ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇന്ന് ക്ലാസിക്ക്. മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 മുതലാണ് പോരാട്ടം. സോണി ലിവില്‍ മത്സരം തത്സമയം കാണാം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ലിവര്‍പൂള്‍ അര്‍നെ സ്ലോട്ടിന്റെ കീഴില്‍ ആക്രമണാത്മക ഫുട്‌ബോളാണ് കളിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ നാലില്‍ നാല് മത്സരങ്ങളും ജയിച്ച് യൂറോപ്പിലും അപാര ഫോമില്‍ നില്‍ക്കുന്നു.
മറുഭാഗത്ത് റയല്‍ ചാംപ്യന്‍സ് ലീഗില്‍ നാലില്‍ രണ്ട് വീതം ജയവും തോല്‍വിയും നേരിട്ടാണ് നില്‍ക്കുന്നത്. ശക്തമായ തിരിച്ചു വരവാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ലാ ലിഗയില്‍ തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ചാണ് വരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ കാര്‍ലോ ആന്‍സലോട്ടിയുടെ വഴിക്കല്ല നില്‍ക്കുന്നത്. നിര്‍ണായക താരമായ വിനിഷ്യസ് ജൂനിയര്‍ പരിക്കിന്റെ പിടിയിലാണ്. താരം കളിക്കുന്ന കാര്യവും സംശയത്തില്‍. ഈ സീസണില്‍ ടീമിലെത്തിയ കിലിയന്‍ എംബാപ്പെ ഫോം കിട്ടാതെ ഉഴറുന്നതും അവര്‍ക്ക് തലവേദനയാണ്.
ലിവര്‍പൂളാകട്ടെ മുഹമ്മദ് സലയുടെ മിന്നും ഫോമിലാണ് പ്രതീക്ഷ വയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടനെതിരായ പോരാട്ടത്തില്‍ സലയുടെ ഇരട്ട ഗോളുകളുടെ മികവില്‍ പിന്നില്‍ പോയ മത്സരം അവര്‍ തിരിച്ചു പിടിച്ചിരുന്നു. സ്ലോട്ടിന്റെ കീഴില്‍ ടീം ആകര്‍ഷകമായ കളിയാണ് പുറത്തെടുക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക