സിഡ്‌നി: ഇന്ത്യക്കെതിരെ പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലെന്ന അവരുടെ സ്വപ്‌നത്തിന്റെ കടയ്ക്കല്‍ കത്തിയുമായി ദക്ഷിണാഫ്രിക്ക. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 233 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയതോടെ അവര്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.
ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് പ്രോട്ടീസിന്റെ മുന്നേറ്റം. ഇതോടെയാണ് ഓസീസിന്റെ ഫൈനല്‍ ബെര്‍ത്തെന്ന ആഗ്രഹം തുലാസിലായത്. ഇന്ത്യക്കെതിരെ ശേഷിക്കുന്ന നാലില്‍ നാല് മത്സരങ്ങളും ഇതോടെ അവര്‍ക്ക് അതി നിര്‍ണായകമായി.
മിന്നും ജയത്തോടെ ഒറ്റയടിക്ക് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഇന്ത്യയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്.
59.26 വിജയ ശതമാനവുമായാണ് അവര്‍ രണ്ടാമതത്തെതിയത്. ഓസ്‌ട്രേലിയക്ക് 57.69 ശതമാനം. 61.11 ശതമാനവുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്. തോല്‍വിയോടെ ശ്രീലങ്ക താഴേക്കിറങ്ങി. അവര്‍ അഞ്ചാം സ്ഥാനത്തായി.
വരും ദിവസങ്ങളില്‍ പോയിന്റ് പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടമടക്കം ഇപ്പോള്‍ നടക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക