ഗുഡ്ഗാവ്: തിരിച്ചുവരവിന്റെ സൂചനകള്‍ പങ്കിട്ട് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. 2023ലെ ലോകകപ്പില്‍ ഇന്ത്യക്കായി മിന്നും ഫോമില്‍ പന്തെറിഞ്ഞ ഷമി ദീര്‍ഘ നാളായി ടീമില്‍ അംഗമല്ല. അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് താരം. താരം നെറ്റ്‌സില്‍ ഏറെ നേരം ബൗള്‍ ചെയ്തുള്ള പരിശീലനവും ശക്തമായി തുടരുന്നു.
'ഇന്നലെ നെറ്റ്‌സില്‍ ഞാന്‍ നന്നായ് തന്നെ പന്തെറിഞ്ഞു. അതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം വരെ അധികം അധ്വാനം വേണ്ടെന്നു വച്ച് കുറഞ്ഞ റണ്ണപ്പിലായിരുന്നു പന്തെറിഞ്ഞത്. എന്നാല്‍ ഇന്നലെ സാധാരണ നിലയില്‍ തന്നെ ബൗള്‍ ചെയ്തു പരിശീലനം നടത്തി. മികച്ച രീതിയില്‍ തന്നെ പന്തെറിയാന്‍ സാധിക്കുന്നുണ്ട്.'
'എനിക്കിപ്പോള്‍ വേദനയൊന്നുമില്ല. ഞാന്‍ പൂര്‍ണ ആരോഗ്യവനാണ്. ഓസ്‌ട്രേലിയക്കെതിരായ ടീമിലേക്ക് എത്തുമോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. അക്കാര്യത്തില്‍ തീരുമാനം വരാന്‍ ഇനിയും സമയമുണ്ടല്ലോ. എന്റെ മനസില്‍ ഒരേ ഒരു കാര്യം മാത്രമാണ് ഇപ്പോഴുള്ളത്. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങുമ്പോഴേക്കും മികച്ച രീതിയില്‍ ഫോമില്‍ നില്‍ക്കുക എന്നതാണ് ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്.'
'ഓസ്‌ട്രേലിയന്‍ മണ്ണില്‍ എന്തു തരത്തില്‍ പന്തെറിയണമെന്ന ചിന്തകളിലാണ് ഞാന്‍. അതിനു മുന്‍പ് രണ്ട് രഞ്ജി പോരാട്ടങ്ങള്‍ കളിക്കണമെന്നുണ്ട്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ ചെലവിടാനുള്ള ശ്രമങ്ങളും ഞാന്‍ നടത്തുന്നുണ്ട്'- ഷമി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക