ബൗളര്‍മാരുടെ പറുദീസ, ഒറ്റദിവസം വീണത് 23 വിക്കറ്റുകള്‍; രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സിന് പിന്നില്‍

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36റണ്‍സിന് പിന്നില്‍
അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽ​ഗറിന് കോഹ് ലി യാത്രയയപ്പ് നൽകുന്ന രം​ഗം, പിടിഐ
അവസാന ടെസ്റ്റ് കളിക്കുന്ന ഡീൻ എൽ​ഗറിന് കോഹ് ലി യാത്രയയപ്പ് നൽകുന്ന രം​ഗം, പിടിഐ

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36റണ്‍സിന് പിന്നില്‍. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ കൊയ്ത് ബൗളര്‍മാരുടെ പറുദീസയായി മാറിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഫലം ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ 36 റണ്‍സുമായി ഓപ്പണര്‍ മാര്‍ക്രവും ഏഴു റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍. 

ആദ്യ ഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റ് നേടിയ മുകേഷ് കുമാര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. വിരമിക്കല്‍ പ്രഖ്യാപിച്ച ക്യാപ്റ്റന്‍  ഡീൻ എല്‍ഗറിന്റെ വിക്കറ്റാണ് മുകേഷ് കുമാര്‍ ആദ്യം നേടിയത്. ഓപ്പണറായ  ഡീൻ എല്‍ഗറിന് 12 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പിന്നാലെ ടോണി ഡി സോര്‍സിയേയും പുറത്താക്കി മുകേഷ് കുമാര്‍ പരമ്പര സമനിലയിലാക്കാന്‍ കഴിയുമെന്ന ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി. പരിക്കേറ്റ ടെംബ ബാബുമയ്ക്ക് പകരം ടീമില്‍ ഇടംനേടിയ ട്രിസ്റ്റന്‍ സ്റ്റംബസിന്റെ വിക്കറ്റ് നേടിയത് ബുമ്രയാണ്.

ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 98 റണ്‍സിന്റെ ലീഡാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി എന്നിവര്‍ക്ക് മാത്രമാണ് രണ്ടടക്കം കടക്കാന്‍ സാധിച്ചത്. രോഹിത് ശര്‍മ 39 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ അരശതകത്തിന് നാലുറണ്‍സ് അകലെ വച്ച് വിരാട് കോഹ് ലിയും വീണു. തുടര്‍ന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്. അവസാന നാലുബാറ്റര്‍മാര്‍ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല.

തുടക്കത്തില്‍ തന്നെ യശ്വസി ജെയ്സ്വാളിനെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് ടീമിനെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ ഇതിന് അധിക ആയുസ് ഉണ്ടായില്ല. ടീം സ്‌കോര്‍ 72ല്‍ വച്ചാണ് രോഹിത് മടങ്ങിയത്. എട്ടാമത്തെ വിക്കറ്റ് ആയാണ് കോഹ് ലി പുറത്തായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ സമനില പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ പകച്ചുനില്‍ക്കുന്നതാണ് കണ്ടത്. 6 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് കൂടുതല്‍ അപകടകാരിയായത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊയ്ത് കൊണ്ടാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നി മുന്‍നിര ബാറ്റര്‍മാരാണ് കളി തുടങ്ങി മിനിറ്റുകള്‍ക്കകം കൂടാരം കയറിയത്. മറ്റു പേസര്‍മാരായ മുകേഷ് കുമാറും ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com