
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഊര്‍ജം സംഭരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന പോരാട്ടം നടന്നത്.
മത്സര ശേഷം ട്രോഫി ഏറ്റുവാങ്ങി ചടങ്ങ് അവസാനിപ്പിച്ചു ഗ്രൗണ്ടില്‍ നിന്നു മടങ്ങുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയുടെ ട്രോഫി എടുക്കാന്‍ ഒരുവേള മറുന്നു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍ എന്നിവര്‍ സംസാരിച്ചു നീങ്ങുന്നതാണ് വിഡിയോ. പെട്ടെന്നു രോഹിത് തിരികെ നോക്കി ട്രോഫി എടുത്തില്ലെന്നു സൂചിപ്പിക്കുന്നു. ഒപ്പമുണ്ടായിരുന്ന രാഹുലും തിരിഞ്ഞു നോക്കുന്നത് വിഡിയോയില്‍ കാണാം. ക്യാപ്റ്റനൊപ്പം രാഹുല്‍ ട്രോഫിക്കടുത്തേക്ക് നീങ്ങി. രാഹുലാണ് ട്രോഫി എടുക്കുന്നത്. കോഹ്‌ലി അതൊന്നും ശ്രദ്ധിക്കാതെ ആദ്യം തന്നെ കടന്നു പോകുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
ടി20 പരമ്പര 4-1നു സ്വന്തമാക്കിയാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. പോരാട്ടം 3-0ത്തിനാണ് ഇന്ത്യ പോക്കറ്റിലാക്കിയത്.
മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ 4 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് രോഹിത് ശര്‍മ ദീര്‍ഘനാളായി തുടരുന്ന മോശം ഫോമിനു വിരാമമിട്ടത് ഇന്ത്യക്ക് പോസീറ്റിവാണ്.
ടൂര്‍ണമെന്റിന്റെ താരമായത് ശുഭ്മാന്‍ ഗില്ലാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നു താരം ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുടക്കം 259 റണ്‍സ് അടിച്ചെടുത്തു. നിലവില്‍ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും ഫോമിലുള്ള താരവും ഗില്‍ തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക