
ദുബായ്: ഇന്ത്യക്കെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ പാകിസ്ഥാൻ പൊരുതുന്നു. മികച്ച തുടക്കത്തിനു ശേഷം പൊടുന്നനെ രണ്ട് വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാൻ 25 ഓവർ പന്നിട്ടപ്പോൾ 100 കടന്നു. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് 2 വിക്കറ്റുകൾ തുടരെ നഷ്ടം. ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തിൽ ഹർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടു പിന്നാലെ സഹ ഓപ്പണർ ഇമാം ഉൾ ഹഖിനെ അക്ഷർ പട്ടേൽ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്നു ഇന്നിങ്സ് നേരെയാക്കാനുള്ള പോരാട്ടം തുടരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ടുമായി പൊരുതുന്നു. റിസ്വാൻ 34 റൺസും സൗദ് ഷക്കീൽ 41 റൺസുമായും ക്രീസിൽ നിൽക്കുന്നു.
ഓപ്പണർ ബാബർ അസമിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹർദികാണ് താരത്തെ മടക്കിയത്. ബാബർ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് പാക് ടീമിനെ ഞെട്ടിച്ച ഹർദികിന്റെ മികവ്. ബാബർ 5 ഫോറുകൾ സഹിതം 25 പന്തിൽ 23 റൺസുമായി മടങ്ങി. ഓപ്പണിങിൽ ഇമാം ഉൾ ഹഖുമായി ചേർന്ന് 41 റൺസ് കൂട്ടുകെട്ടുയർത്തി നിൽക്കെയാണ് ബാബറിന്റെ മടക്കം.
പിന്നാലെ കുൽദീപ് യാദവിന്റെ ഓവറിൽ സഹ ഓപ്പണർ ഇമാം ഉൾ ഹഖും പുറത്തായി. സിംഗിളിനായി ഓടിയ ഇമാമിനെ അക്ഷർ പട്ടേൽ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ ടീമിൽ ഇടമില്ലാതിരുന്ന താരത്തിനു ഇന്ത്യക്കെതിരെ അവസരം നൽകി. എന്നാൽ തിളങ്ങാനായില്ല. 10 റൺസ് മാത്രമാണ് ഇമാമിന്റെ സംഭാവന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക