ആകാശ് ദീപ് ഇല്ല, സ്ഥിരീകരിച്ച് ഗംഭീര്‍, രോഹിത് ശര്‍മയുടെ കാര്യത്തില്‍ മൗനം

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ കളിക്കാര്‍ക്ക് നേരെ താന്‍ പൊട്ടിത്തെറിച്ചു എന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍
Gambhir
ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍
Updated on

സിഡ്നി: ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ പേസർ ആകാശ് ദീപ് കളിക്കില്ലെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആകാശ് ദീപ് പുറംവേദന കാരണം അവസാന ടെസ്റ്റില്‍ കളിക്കില്ല. എന്നാല്‍ പകരക്കാരനെ സംബന്ധിച്ച് സൂചന നല്‍കാന്‍ ഗൗതം ഗംഭീര്‍ തയ്യാറായില്ല. ഫോമിലല്ലാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് പിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക എന്നായിരുന്നു മറുപടി .

പ്ലെയിങ് ഇലവനില്‍ ഉണ്ടെങ്കില്‍ ക്യാപ്റ്റന്‍ എന്താണ് മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിന് എത്താത്തത് എന്ന ചോദ്യത്തിന് കോച്ച് പോരേ എന്ന് ഗംഭീര്‍ തിരിച്ചു ചോദിച്ചു.

കഴിഞ്ഞ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അഞ്ചുവിക്കറ്റാണ് ആകാശ് ദീപ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റാണ് ആകാശ് ദീപിന്‍റെ സംഭാവന.

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ കളിക്കാര്‍ക്ക് നേരെ താന്‍ പൊട്ടിത്തെറിച്ചു എന്ന വാര്‍ത്തകള്‍ ഗൗതം ഗംഭീര്‍ തള്ളി . ഡ്രസിങ് റൂമില്‍ കളിക്കാരുമായി സംസാരിക്കുന്നതിനിടെ ചില 'സത്യസന്ധമായ' കാര്യങ്ങള്‍ പറഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. പ്രകടനം മെച്ചപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സംഭാഷണങ്ങള്‍. പ്രകടനം മെച്ചപ്പെട്ടാല്‍ മാത്രമേ ടീമില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. കോച്ചും കളിക്കാരും തമ്മിലുള്ള സംവാദങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ തുടരണം. അത്തരം സംവാദങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വരരുതെന്നും ഗൗതം ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ കളിക്കാര്‍ക്ക് നേരെ ഗംഭീര്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള വിഡിയോ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടീമിന്റെ ആവശ്യമറിഞ്ഞ് കളിക്കുന്നതിന് പകരം സ്വാഭാവിക ശൈലിയില്‍ കളിക്കാനാണ് ബാറ്റര്‍മാര്‍ ശ്രമിച്ചതെന്ന് വിമര്‍ശിച്ച ഗംഭീര്‍ തനിക്ക് പരിശീലക ജോലി മതിയായെന്നും പറഞ്ഞ് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിന് പിന്നാലെയാണ് അവ വെറും റിപ്പോര്‍ട്ടുകള്‍ മാത്രമാണെന്നും സത്യാവസ്ഥ ഇതല്ലെന്നും ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

'കോച്ചും കളിക്കാരും തമ്മിലുള്ള സംവാദങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ തുടരണം. അവ വെറും റിപ്പോര്‍ട്ടുകള്‍ മാത്രമായിരുന്നു സത്യമല്ല,' -വെള്ളിയാഴ്ച സിഡ്‌നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

'സത്യസന്ധരായ ആളുകള്‍ ഡ്രസ്സിങ് റൂമില്‍ തുടരുന്നതുവരെ ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലായിരിക്കും. നിങ്ങളെ ഡ്രസ്സിങ് റൂമില്‍ നിലനിര്‍ത്തുന്ന ഒരേയൊരു കാര്യം പ്രകടനമാണ്. സത്യസന്ധമായ വാക്കുകള്‍ അവിടെ ഉണ്ടായിരുന്നു. സത്യസന്ധത പ്രധാനമാണ്,'- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ടെസ്റ്റ് മത്സരങ്ങള്‍ എങ്ങനെ ജയിക്കാം എന്നതിനെ കുറിച്ച് അല്ലാതെ സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിയുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു. 'ഏതൊക്കെ മേഖലകളിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം. ടെസ്റ്റ് മത്സരങ്ങള്‍ എങ്ങനെ ജയിക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ അവരുമായി ഒരു സംഭാഷണം മാത്രമേ നടത്തിയിട്ടുള്ളൂ,'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com