ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഇതിഹാസവുമായ യുവരാജ് സിങിന്റെ അപ്രതീക്ഷിത വിരമിക്കലിനു പിന്നില്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണു കാരണക്കാരനെന്നു വെളിപ്പെടുത്തല്‍. കാന്‍സറിനെ തോല്‍പ്പിച്ച് ടീമിലേക്ക് മടങ്ങിയെത്തിയ യുവരാജിനു അധിക നാള്‍ ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിച്ചില്ല. ഫിറ്റ്‌നസ് ഇളവുകള്‍ക്കായി യുവി അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കോഹ്‌ലിയെ സമീപിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചുവെന്നു മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ആരോപിച്ചു.
'ടീമിലെ ഒരു താരം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ടീം ക്യാപ്റ്റന്‍ ആ താരത്തിനെ പിന്തുണയ്ക്കണം. ഫിറ്റ്‌നസ് ടെസ്റ്റില്‍ യുവരാജ് പോയിന്റ് കിഴിവ് ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇതു നിരസിച്ചു.'
'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ കാന്‍സറിനെ തരണം ചെയ്താണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്. പോയിന്റില്‍ ഇളവ് കിട്ടാതിരുന്നിട്ടും യുവരാജ് കഴിവ് തെളിയിച്ച് വീണ്ടും ടീമിലെത്തി. എന്നാല്‍ ഒന്നു രണ്ട് കളികളില്‍ മാത്രം ഉള്‍പ്പെടുത്തി പിന്നീട് അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചില്ല.'
'അന്ന് വിരാടായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ചായിരുന്നു അന്ന് ടീമിലെ കാര്യങ്ങള്‍. തന്റെ വഴിക്ക് ടീം വരണം, ഇല്ലെങ്കില്‍ താരങ്ങള്‍ക്ക് തോന്നിയ വഴി പുറത്തു പോകാമെന്ന നയമായിരുന്നു കോഹ്‌ലിക്ക്'- ഉത്തപ്പ വ്യക്തമാക്കി.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ്. പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് യുവി.
2011ലെ ലോകകപ്പ് വിജയത്തിനു ശേഷമാണ് യുവിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നീട് അസുഖത്തെ കരുത്തോടെ നേരിട്ടാണ് യുവരാജ് ജീവിതത്തിലേക്കും കളത്തിലേക്കും തിരിച്ചെത്തിയത്. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം പക്ഷേ പലപ്പോഴും അസ്ഥിരമായിരുന്നു. പിന്നാലെയാണ് താരം 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക