ഓള്‍ റൗണ്ടര്‍മാരാല്‍ സമ്പന്നം, പാറ്റ് കമ്മിന്‍സ് ക്യാപ്റ്റന്‍, ഹെയ്ഡല്‍വുഡും മാര്‍ഷും; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
Cummins, Hazlewood in Australia CT squad despite injury concerns; Marsh also included
പാറ്റ് കമ്മിന്‍സ് ഫയൽ
Updated on

സിഡ്നി: അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായി തുടരും. പരിക്കിനെ തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ടീം പ്രഖ്യാപനം.

അടുത്തിടെ ഇന്ത്യയ്ക്കെതിരെ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലുടനീളം കണങ്കാലിനേറ്റ പരിക്കുമായാണ് കമ്മിന്‍സ് കളിച്ചത്. പരിക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ കമ്മിന്‍സ് കളിക്കുന്നില്ല. തനിക്ക് രണ്ടാമത് കുഞ്ഞ് ജനിക്കാന്‍ പോകുന്നതിനാല്‍ വീട്ടുകാര്‍ക്കൊപ്പം തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹെയ്‌സല്‍വുഡിനെയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യയ്‌ക്കെതിരായ മെല്‍ബണ്‍, സിഡ്നി ടെസ്റ്റുകളിലും ഹെയ്‌സല്‍വുഡ് കളിച്ചിരുന്നില്ല. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15പേര്‍ അടങ്ങുന്ന ടീമില്‍ ഹെയ്‌സല്‍വുഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ രണ്ടുതവണ ജേതാക്കളും നിലവിലെ ഏകദിന ലോക ചാമ്പ്യന്മാരുമായ ഓസ്ട്രേലിയ, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയും ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഫോമില്‍ ഇല്ലാത്ത ജാക്-ഫ്രേസര്‍ മക്ഗുര്‍ക്ക് ടീമില്‍ ഇടംനേടിയില്ല. മാത്യു ഷോര്‍ട്ടിനെയും ആരോണ്‍ ഹാര്‍ഡിയെയും ഉള്‍പ്പെടുത്തി ഓള്‍റൗണ്ടര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ആദം സാംപയാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പാര്‍ട്ട് ടൈം ബൗളര്‍മാരായ ഷോര്‍ട്ടും ഗ്ലെന്‍ മാക്സ്വെല്ലും അദ്ദേഹത്തെ പിന്തുണയ്ക്കും. പേസര്‍ നഥാന്‍ എല്ലിസിനും ടീമില്‍ സ്ഥാനം കിട്ടി. ഹോബാര്‍ട്ട് ഹരിക്കേന്‍സിനെ ബിഗ് ബാഷ് ലീഗ് ഫൈനലിലേക്ക് നയിച്ച പ്രകടനമാണ് നഥാന്‍ എല്ലിസിന് നറുക്ക് വീഴാന്‍ സഹായകമായത്. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം.

ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍) അലക്‌സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ലാബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com