
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ക്യാപ്റ്റൻ സ്ഥാനത്തു കുറച്ചു മാസം കൂടി തുടരാൻ ഒരുക്കമാണെന്നു രോഹിത് ബിസിസിഐയോടു പറഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അതിനു ശേഷമുള്ള ടീമിന്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ പിന്തുണയും തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു അദ്ദേഹം അറിയിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ടീമിന്റെ ദയനീയ പ്രകടനം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. പ്രസിഡന്റ് റോജര്‍ ബിന്നിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കോച്ച് ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ അടക്കമുള്ളവരും യോഗത്തിലുണ്ടായിരുന്നു. ഈ യോഗത്തിലാണ് രോഹിത് ഇക്കാര്യം ആവശ്യപ്പെട്ടതു എന്നാണ് വിവരം.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സ്വയം മാറി നിന്നിരുന്നു. ഈ മത്സരത്തില്‍ ടീമിനെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടം രോഹിതിന്റെ ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും നിരീക്ഷിക്കപ്പെടും.
രോഹിത് ക്യാപ്റ്റനായി തന്നെ വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന നിരീക്ഷണങ്ങളും പുറത്തു വന്നിട്ടുണ്ട്. അതിനാലാണ് തന്നെ കുറച്ചു മാസം കൂടി ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്നു താരം ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റനായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക