'എംബാപ്പെയ്ക്ക് മെസിയോട് അസൂയ, ഈഗോ കളിയെ ബാധിച്ചു'; പിഎസ്ജി അനുഭവം വിവരിച്ച് നെയ്മര്‍
സാവോ പോളോ: ഫ്രീ ട്രാന്‍സ്ഫറില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ ചേര്‍ന്നപ്പോള്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോട് അന്ന് സഹതാരവും ഫ്രാന്‍സിന്റെ സൂപ്പര്‍ കളിക്കാരനുമായ കിലിയന്‍ എംബാപ്പെയ്ക്ക് അസൂയ ഉണ്ടായിരുന്നതായി ബ്രസീലിയന്‍ ഫോര്‍വേര്‍ഡ് നെയ്മര്‍. 2021ലാണ് മെസി പിഎസ്ജിയില്‍ എത്തുന്നത്.
പോഡ്കാസ്റ്റില്‍ മുന്‍ ബ്രസീലിയന്‍ താരം റൊമാരിയോയുമായി സംസാരിക്കുന്നതിനിടെയാണ് സൗദി ക്ലബ്ബായ അല്‍-ഹിലാലിന്റെ കളിക്കാരന്‍ കൂടിയ നെയ്മര്‍ എംബാപ്പെയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ താരങ്ങളുടെ ഇത്തരത്തിലുള്ള ഈഗോ പിഎസ്ജിയുടെ പ്രകടനത്തെ ബാധിച്ചതായും നെയ്മര്‍ തുറന്നടിച്ചു. ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന എംബാപ്പെ എപ്പോഴെങ്കിലും ശല്യമായി തോന്നിയിരുന്നോ എന്ന റൊമാരിയോയുടെ ചോദ്യത്തിന് മറുപടിയായാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.
'ഇല്ല, അവന്‍ അങ്ങനെയല്ല. എനിക്ക് എന്റേതായ കഴിവുകളുണ്ട്. ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ വഴക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ അവന്‍ ടീമില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അവന്‍ മുതല്‍ക്കൂട്ടായിരുന്നു. ഞാന്‍ പതിവായി അവനെ ഗോള്‍ഡന്‍ ബോയ് എന്ന് വിളിക്കാറുണ്ടായിരുന്നു. ഞാന്‍ എപ്പോഴും അവനോടൊപ്പം കളിച്ചു, അവന്‍ മികച്ച താരമാകുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഞാന്‍ എപ്പോഴും അവനെ സഹായിച്ചു, അവനോട് സംസാരിച്ചു, അവന്‍ എന്റെ സ്ഥലത്തേക്ക് വന്നു, ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിച്ചു,'- നെയ്മര്‍ പറഞ്ഞു.
'വര്‍ഷങ്ങളോളം ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു, പക്ഷേ മെസി വന്നതിനുശേഷം അദ്ദേഹത്തിന് അല്‍പ്പം അസൂയ തോന്നി. എന്നെ ആരുമായും വേര്‍പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പിന്നീട് ചില വഴക്കുകള്‍ ഉണ്ടായി. അവന്റെ പെരുമാറ്റത്തില്‍ ചില മാറ്റവും ഉണ്ടായി,'- നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
2017ലാണ് മൊണാക്കോയില്‍ നിന്ന് എംബാപ്പെ പിഎസ്ജിയില്‍ ചേര്‍ന്നത്. അതേ വര്‍ഷം തന്നെ നെയ്മര്‍ ബാഴ്സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അത്.
പിഎസ്ജി ഇതുവരെ നേടിയിട്ടില്ലാത്ത അവരുടെ കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ലക്ഷ്യമിട്ടപ്പോഴാണ് ഇരുതാരങ്ങളും ടീമുമായി കരാര്‍ ഒപ്പിട്ടത്. താരങ്ങളുടെ ഇടയില്‍ ഉണ്ടായ വലിയ ഈഗോകള്‍ കാരണം ടീമിന്റെ പ്രകടനത്തെ ബാധിച്ചതായും നെയ്മര്‍ കുറ്റപ്പെടുത്തി. ആരുടെയും പേര് വെളിപ്പെടുത്താതെയായിരുന്നു നെയ്മറിന്റെ വെളിപ്പെടുത്തല്‍.
'ഈഗോ ഉണ്ടായിരിക്കുന്നത് നല്ലതാണ്, പക്ഷേ നിങ്ങള്‍ ഒറ്റയ്ക്കല്ല കളിക്കുന്നത് എന്ന് അറിയണം. നിങ്ങളുടെ തൊട്ടരികില്‍ മറ്റൊരു വ്യക്തി ഉണ്ടായിരിക്കും. വലിയ ഈഗോകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു, പക്ഷേ അത് ആര്‍ക്കും ഗുണം ചെയ്യില്ല' നെയ്മര്‍ പറഞ്ഞു. ആരും ഓടുകയും ആരും സഹായിക്കുകയും ചെയ്തില്ലെങ്കില്‍, ഒന്നും നേടുക അസാധ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നെയ്മറിന്റെ അഭിപ്രായങ്ങളോട് എംബാപ്പെയോ മെസിയോ പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക