പേസിന്റെ മാസ്മരികത! ബുംറ 2024ലെ മികച്ച ടെസ്റ്റ് താരം, ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍

ഐസിസി ടെസ്റ്റ് ഇലവനില്‍ ഇടം പിടിച്ച് ബുംറ, ജഡേജ, യശസ്വി ജയസ്വാള്‍
Jasprit Bumrah
ജസ്പ്രിത് ബുംറഎക്സ്
Updated on

ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ ഐസിസിയുടെ 2024ലെ മികച്ച ടെസ്റ്റ് താരം. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും ബുംറ മാറി. നേരത്തെ രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), ആര്‍ അശ്വിന്‍ (2016), വിരാട് കോഹ്‌ലി (2018) എന്നിവരാണ് നേരത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ.

2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. ഹോം എവേ പോരാട്ടങ്ങളില്‍ ബുംറ ഒരുപോലെ തിളങ്ങി. പരിക്കേറ്റ് മാസങ്ങളോളം കളത്തില്‍ നിന്നു വിട്ടുനിന്ന ബുംറ പിന്നീട് തിരിച്ചെത്തിയാണ് മികച്ച ബൗളിങുമായി കളം വാണത്.

13 മത്സരങ്ങളില്‍ നിന്നു 71 വിക്കറ്റുകളാണ് താരം 2024ല്‍ വീഴ്ത്തിയത്. 357 ഓവറുകളാണ് താരം 2024ല്‍ ടെസ്റ്റില്‍ എറിഞ്ഞത്. ഒരു കലണ്ടര്‍ വര്‍ഷം 70ല്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ബുംറ നാലാമനായി ഇടം പിടിച്ചു. ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ രണ്ടിന്നിങ്‌സിലുമായി 8 വിക്കറ്റുകള്‍ വീഴ്ത്തിയത് ശ്രദ്ധേയ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 19 വിക്കറ്റുകളും താരം വീഴ്ത്തി.

ഓസ്‌ട്രേലിയക്കെതിരായ ബാര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് മൊത്തത്തില്‍ നിരാശയായിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ പോരാട്ടത്തിനു മാന്യത പകര്‍ന്നത് ബുംറയുടെ മാരക ബൗളിങാണ്. താരം അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 32 വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയുടെ താരവുമായി. ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ 2024ല്‍ പിന്നിട്ടിരുന്നു.

ഐസിസിയുടെ ടെസ്റ്റ് ഇലവനില്‍ ബുംറയടക്കം മൂന്ന് താരങ്ങള്‍ ഇടം പിടിച്ചു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സാണ് ക്യാപ്റ്റന്‍.

ഐസിസി ടെസ്റ്റ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡുക്കറ്റ്, കെയ്ന്‍ വില്ല്യംസന്‍, ജോ റൂട്ട്, ഹാരി ബ്രൂക്, കാമിന്ദു മെന്‍ഡിസ്, ജാമി സ്മിത്ത്, രവീന്ദ്ര ജഡേജ, മാറ്റ് ഹെന്റി, ജസ്പ്രിത് ബുംറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com