

തപാലിൽ നീന്തൽ പരിശീലിക്കാൻ പറ്റുമോ? എന്ത് ചോദ്യമാണിത്, പറ്റില്ലെന്ന് അപ്പോൾ തന്നെ പറയാം അല്ലേ. എന്നാൽ, യു ട്യയൂബിലാണെങ്കിലോ? പറ്റില്ലെന്ന് പറയാൻ വരട്ടെ, നീന്തൽ പരിശീലിക്കാനും പറ്റും സ്വർണ്ണം നേടാനും പറ്റും. ഇതു പറയുന്നത് പ്രായത്തെ നീന്തി തോൽപ്പിച്ച കുര്യൻ ജേക്കബ്ബാണ്.
കൊച്ചിയിൽ താമസിക്കുന്ന 75 വയസ്സുകാരനായ കുര്യൻ ജേക്കബ് ഇന്നൊരു രാജ്യാന്തര താരമാണ്. സ്വർണമെഡലുകളടക്കം നിരവധി മെഡലുകൾ വാരിക്കൂട്ടിയ നീന്തൽ താരം. ആറ് വർഷത്തെ കഠിനാധ്വാനവും സാങ്കേതിക വിദ്യയുമാണ് അദ്ദേഹത്തെ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.
സാധാരണഗതിയിൽ പ്രായമാകുന്തോറും ആളുകൾക്ക് പുതിയ സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെടാനും അവ പഠിച്ചെടുത്ത് സുഗമമായി ഉപയോഗിക്കാനും പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. എന്നാൽ, ആ തടസ്സങ്ങളൊക്കെ മറികടന്നാണ് കുര്യൻ ജേക്കബ് രാജ്യന്തര മത്സരത്തിൽ സുവർണ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസം തായ്‌വാനിലെ തായ്‌പേയിൽ നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ നീന്തൽ മത്സരങ്ങളിൽ രണ്ട് വ്യക്തിഗത സ്വർണ്ണമുൾപ്പെടെ ഒമ്പത് മെഡലുകൾ നേടി.
കാഞ്ഞിരപ്പള്ളിയിലെ തിടനാട് എന്ന സ്ഥലത്ത് ജനിച്ച കുര്യൻ, തന്റെ വീടിനടുത്തുള്ള നദിയിൽ കുട്ടിക്കാലത്ത് നീന്തൽ പഠിച്ചത്. " നിന്തൽ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. പക്ഷേ, ജോലിയിൽ നിന്നും വിരമിക്കുന്നതുവരെ ഞാൻ ഒരിക്കലും ഈ രംഗത്ത് പ്രൊഫഷണലാകുന്ന തിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല," അദ്ദേഹം പറയുന്നു.
മുൻ ഒളിമ്പ്യന്മാരും ലോക ചാമ്പ്യന്മാരും പങ്കെടുത്ത വേൾഡ് മാസ്റ്റേഴ്‌സിൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ പൂളിലും 3 കിലോമീറ്റർ ഓപ്പൺ വാട്ടർ ഇനങ്ങളിലും കുര്യൻ സ്വർണം നേടി. 100 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്ക് എന്നിവയ്ക്ക് പുറമേ രണ്ട് പുരുഷ റിലേകളിലും മിക്സഡ് റിലേകളിലും അദ്ദേഹം മെഡൽ നേടി. നീന്തൽ മത്സരത്തിൽ ഏകദേശം 2,500 അത്‌ലറ്റുകൾ പങ്കെടുത്തു.
"ഈ നേട്ടം കഠിനാധ്വാനത്തിന്റെയും വിജയിക്കാനുള്ള ആഗ്രഹത്തിന്റെയും ഫലമാണ്," കുര്യൻ പറയുന്നു. "ഒൻപത് മാസക്കാലം, എന്നെത്തന്നെ സജ്ജമാക്കാൻ ഞാൻ പതിവായി കുളങ്ങളിലും നദികളിലും കടലിലും മൂന്ന് കിലോമീറ്റർ നീന്തൽ പരിശീലിച്ചു. അതിന് ഫലം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.
ദീർഘകാലം, വിദേശത്ത്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ ജോലി ചെയ്ത ശേഷം 2017 ലാണ് കൊച്ചിയിൽ സ്ഥിരതാമസമാക്കിയത്.
2019-ൽ, സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന സുഹൃത്തുക്കളിൽ നിന്നാണ് മത്സരത്തെ കുറിച്ച് അദ്ദേഹം അറിഞ്ഞത്. “ഞാൻ ആദ്യമായി ഒരു പ്രൊഫഷണൽ മത്സരത്തിൽ പങ്കെടുത്തപ്പോൾ എനിക്ക് 69 വയസ്സായിരുന്നു. അവിടത്തെ വിജയങ്ങൾ എന്നെ ദേശീയ മത്സരങ്ങളിലേക്ക് കൊണ്ടുപോയി, അവിടെ എനിക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞില്ല. വാസ്തവത്തിൽ, ഈ തിരിച്ചടിയാണ് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എനിക്ക് പ്രചോദനം നൽകിയത്,” അദ്ദേഹം പറഞ്ഞു.
മുതിർന്ന കായികതാരങ്ങൾ അവരുടെ സ്വപ്നങ്ങൾ പിന്നാലെ പോകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ കുര്യനെ സഹായിച്ചത് തുടർന്നുള്ള കാര്യങ്ങളാണ്. ഒരു പരിശീലകനെ കണ്ടെത്താൻ ഏറെ ശ്രമം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അവസാനം അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ച് യൂട്യൂബിലേക്ക് (YouTube) തിരിഞ്ഞു. “എന്റെ നീന്തൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഞാൻ എല്ലാ ദിവസവും യൂട്യൂബിൽ പ്രൊഫഷണൽ പരിശീലന വീഡിയോകൾ കണ്ടു. 107 മെഡലുകൾ നേടുന്ന ഒരു ഘട്ടത്തിലെത്താൻ എന്നെ സഹായിച്ചത് ഈ പരിശീലനമാണ്,” അദ്ദേഹം തന്റെ നിരവധി ഓൺലൈൻ പരിശീലകർക്ക് നന്ദി പറഞ്ഞുകൊണ്ട് പറയുന്നു.
ജപ്പാനിൽ 2027-ൽ നടക്കാനിരിക്കുന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസാണ് അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത് - കോവിഡ് മഹാമാരി കാരണം 2021-ൽ നിന്ന് മാറ്റിവച്ചതാണ് അത് - അതിൽ തനിക്ക് തായ്‌വാനിൽ നിന്നുള്ള ഒമ്പത് മെഡൽ നേട്ടം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
താൻ നേടിയ ഈ നേട്ടങ്ങൾക്ക് പിന്നിൽ ഭാര്യ സുനുവും മക്കളായ നിധയും അനുവുമാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിന് കുടുംബം അദ്ദേഹത്തിന് മെഡലുകൾ സൂക്ഷിക്കാൻ ഒരു കാബിനറ്റ് സമ്മാനിച്ചു. ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സ്ഥിരോത്സാഹവും കണക്കിലെടുക്കുമ്പോൾ, സമീപഭാവിയിൽ ആ വീട്ടിൽ മെഡലുകൾ സൂക്ഷിക്കാൻ മറ്റൊരു കാബിനറ്റ് കൂടെ വേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates