ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം; കളി ഇംഗ്ലണ്ട് ലയണ്‍സിന്റെ കൈയില്‍

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ലയണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ്
James Rew, Abhimanyu Easwaran In Ground
India A vs Eng Lionsx
Updated on

നോര്‍ത്താംപ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന സന്നാഹ ടെസ്റ്റില്‍ (India A vs Eng Lions) ഇന്ത്യ എ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന മികച്ച സ്‌കോറിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 348 റണ്‍സില്‍ പുറത്താക്കിയാണ് ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റിങ് തുടങ്ങിയത്. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ട് ലയണ്‍സിന് 156 റണ്‍സ് കൂടി വേണം.

ഇന്ത്യക്കായി അന്‍ഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ, തനുഷ് കൊടിയാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പുറത്താക്കാനുള്ള അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി.

ഇംഗ്ലണ്ടിനായി ടോം ഹെയ്ന്‍സ്, എമിലിയോ ഗേ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ടോം 54 റണ്‍സും ഗേ 71 റണ്‍സും കണ്ടെത്തി. കളി നിര്‍ത്തുമ്പോള്‍ ജോര്‍ദാന്‍ കോക്‌സ് 31 റണ്‍സുമായും ക്യാപ്റ്റന്‍ ജെയിംസ് റ്യു റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍.

നേരത്തെ ഒന്നാം ദിനത്തില്‍ ഇന്ത്യ എ 7 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് അവസാനിപ്പിച്ചത്. ശേഷിച്ച വിക്കറ്റുകള്‍ രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ വീണു. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയും ധ്രുവ് ജുറേലിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇടവേളയ്ക്കു ശേഷമുള്ള റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ക്ലാസ് സെഞ്ച്വറിയോടെ കെഎല്‍ രാഹുല്‍ ആഘോഷിച്ചു. 168 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 116 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം അച്ചടക്കവും ക്ലാസും നിറഞ്ഞ ബാറ്റിങുമായി കളം വാണു. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ് രാഹുല്‍. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിരമിച്ച സ്ഥാനത്ത് പുതു തലമുറ ടീമിലെ പരിചയ സമ്പന്നരായ താരങ്ങളില്‍ ഒരാളാണ് 33കാരന്‍. 58 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള രാഹുല്‍ 8 സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളും ലോങ് ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. 199 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

അഭിമന്യു ഈശ്വരനേയും യശസ്വി ജയ്സ്വാളിനേയും തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം കരുണ്‍ നായരേയും പിന്നീട് ധ്രുവ് ജുറേലിനേയും കൂട്ടുപിടിച്ച് താരം നടത്തിയ രക്ഷാ പ്രവര്‍ത്തനം കൈയടി നേടുന്നതാണ്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ മികവ് ആവര്‍ത്തിച്ചെങ്കിലും 40 റണ്‍സുമായി മടങ്ങി. രാഹുലും കരുണും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 84 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ആദ്യ മത്സരത്തിലെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേല്‍ തുടരെ മൂന്നാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി. ധ്രുവ് ജുറേല്‍ 52 റണ്‍സുമായി മടങ്ങി. നാലാം വിക്കറ്റില്‍ രാഹുലും ജുറേലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് 121 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. നിതീഷ് കുമാര്‍ റെഡ്ഡിയും തിളങ്ങി. താരം 34 റണ്‍സ് കണ്ടെത്തി.

കളി നിര്‍ത്തുമ്പോള്‍ 5 റണ്‍സുമായി തനുഷ് കൊടിയാനും 1 റണ്‍സുമായി അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 17 റണ്‍സിലും ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 11 റണ്‍സുമായും മടങ്ങി.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലുള്ള ക്രിസ് വോക്‌സ് 3 വിക്കറ്റുമായി തിളങ്ങി. ജോര്‍ജ് ഹില്‍, ജോഷ് ടോംഗ് രണ്ട് വിക്കറ്റും ഫര്‍ഹാന്‍ അഹമദ്, ടോം ഹെയ്ന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com