

മോസ്‌ക്കോ: ഇതിഹാസ റഷ്യൻ താരം ബോറിസ് സ്പാസ്കി വിട വാങ്ങുമ്പോൾ ചെസിന്റെ ഒരു കാലത്തിനു കൂടിയാണ് വിരമമാകുന്നത്. ശീത യുദ്ധ വൈരത്തിന്റെ പ്രതീകമെന്നു അറിയപ്പെട്ട താരമായിരുന്നു സ്പാസ്കി. നൂറ്റാണ്ടിന്റെ പോരിൽ ഇതിഹാസ അമേരിക്കൻ താരം ബോബി ഫിഷറുമായുള്ള 1972 ലെ പോരാട്ടമാണ് ലോക ചാംപ്യനെന്ന പെരുമയേക്കാൾ സ്പാസ്കിയെ പ്രസിദ്ധനാക്കിയത്. ആ തോൽവിയുടെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. കഴിഞ്ഞ ദിവസം തന്റെ 88ാം വയസിലാണ് സ്പാസ്കി ജീവിതത്തിനോടു വിട പറയുന്നത്.
അദ്ദേഹത്തിന്റെ ചെസ് ബോർഡിലെ നീക്കങ്ങൾക്ക് ഏറെ ത്യാഗം സഹിച്ച ഒരു ബാല്യത്തിന്റെ കരുത്തും ആത്മ ബലവുമുണ്ടായിരുന്നു. 1937ൽ സോവിയറ്റ് യൂണിയനിൽ ജനിച്ച അദ്ദേഹം അഞ്ചാം വയസിൽ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ട സമയത്ത് നഗരം വിട്ടു പലായനം ചെയ്യേണ്ടി വന്ന കുടുംബത്തിൽ അംഗമായിരുന്നു. അത്തരമൊരു വിറങ്ങലിച്ച, ഭീതി പരത്തിയ ട്രെയിൻ യാത്രക്കിടെയാണ് സ്പാസ്കി ചെസിന്റെ ബാല പാഠങ്ങൾ സ്വായത്തമാക്കുന്നത്.
പത്താം വയസിൽ സോവിയറ്റ് ചാംപ്യൻ മിഖായേൽ ബോട്വിനിക്കിനെ പ്രദർശന മത്സരത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള സൂചന ആദ്യം നൽകിയത്. പിന്നീട് 18ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തി. 19ാം വയസ് മുതൽ പ്രൊഫഷണൽ ചെസ് താരമായി കളിയും തുടങ്ങി. 22ാം വയസിൽ അദ്ദേഹം സോവിയറ്റ് ചെസ് ചാംപ്യനുമായി.
1969ൽ ടിഗ്രാൻ പെട്രോഷ്യനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ചെസ് ചരിത്രത്തിലെ 10ാം ലോക ചാംപ്യനായി അവരോധിക്കപ്പെട്ടത്. പക്ഷേ ഈ നേട്ടത്തിനേക്കാളും അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത് ഫിഷറിനെതിരായ നൂറ്റാണ്ടിന്റെ പോരിലെ തോൽവിയായിരുന്നു. റെയ്ക്ജാവികിൽ അരങ്ങേറിയ നൂറ്റാണ്ടിന്റെ പോരിൽ ഫിഷർ വിജയം പിടിച്ചപ്പോൾ നീണ്ട കാലത്തെ സോവിയറ്റ് യൂണിയന്റെ ചെസ് ആധിപത്യത്തിനു വിരാമം കുറിക്കപ്പെടുകയായിരുന്നു.
ചെസിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ശാന്തമായി കരുക്കൾ നീക്കിയ താരങ്ങൾ വളരെ അപൂർവമായിരുന്നു. അസാമാന്യ തന്ത്രങ്ങളും നിഗൂഢതയും വൈദഗ്ധ്യവും കളിയിലുടനീളം കാണാം. തന്റെ എതിരാളിയായി ഇരുന്ന സ്പാസ്കിയെ അന്ന് ഫിഷർ വിശേഷിപ്പിച്ചത് നിർജീവമായ വ്യക്തി എന്നായിരുന്നു. ഫിഷർ പെട്ടെന്നു വികാരാധീനനാകുന്ന ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു. തൊട്ടു മുൻപിലിരിക്കുന്ന സ്പാസ്കി പക്ഷേ തന്റെ ശാന്തത ഒരിക്കൽ പോലും കൈവിടാതെ ഇരുന്നാണ് കളിച്ചത്. ഇത് ഫിഷറിനെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തു. ജീവിതത്തിലും ചെസിലും സ്പാസ്കി ഈ മിതത്വം പുലർത്തി.
സ്പാസ്കിയുടെ ചെസ് വെറും മത്സരങ്ങളായിരുന്നില്ലെന്നു ഇതിഹാസ താരം കാസ്പറോവ് നിരീക്ഷിച്ചിട്ടുണ്ട്. ചെസിന്റെ അതിന്റെ അപാരമായ സാധ്യതകളുടെ ആഖ്യാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. വൈരുദ്ധ്യങ്ങളുടെ നിരവധി പാഠങ്ങളും അതിൽ കാണാം. നിശബ്ദ ആക്രമണങ്ങളുടേയും മാനസിക ധൈര്യത്തിന്റേയും അടയാളപ്പെടുത്തലുകളായിരുന്നു അദ്ദേഹത്തിന്റെ ചെസ് ബോർഡിലെ നീക്കങ്ങളുടെ കാതലെന്നും കാസ്പറോവ് വിലയിരുത്തുന്നു.
1972ലെ ആ ചരിത്ര പോരാട്ടത്തിലെ വീറും വാശിയും അവസാനിച്ച ശേഷം സ്പാർസ്കിയും ഫിഷറും ജീവിത കാലം മുഴുവൻ സുഹൃത്തുക്കളായി തുടർന്നു എന്നതാണ് പിൽക്കാല ചരിത്രം. ഫോൺ കോളുകളിലൂടെയും നിരന്തരമുള്ള കൂടിക്കാഴ്ചകളിലൂടെയും ആ ബന്ധം നിലനിന്നു. പിന്നീട് സ്ട്രോക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളോടും അദ്ദേഹം പോരടിച്ചിരുന്നു. അപ്പോഴും ചെസിലെ വൈദഗ്ധ്യത്തിനു ഒരു കുറവും സംഭവിച്ചിരുന്നില്ല. മരണം വരെ പല തലമുറ ചെസ് താരങ്ങളുടെ ആരാധനാ പാത്രമായി സ്പാസ്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates