
ഇസ്ലാമാബാദ്: ഓള്‍റൗണ്ടര്‍ ഷഹിദ് അഫ്രീദി തന്റെ കരിയറില്‍ നിരവധി തവണ മതം മാറാന്‍ ആവശ്യപ്പെട്ടെന്ന് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ 44 കാരനായ കനേരിയ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു.
2000 മുതല്‍ 2010 വരെ പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ച കനേരിയ, അനില്‍ ദല്‍പത്തിനു ശേഷം പാകിസ്ഥാന്‍ ദേശീയ ടീമിനു വേണ്ടി കളിച്ച രണ്ടാമത്തെ ഹിന്ദുവാണ്. പാകിസ്ഥാനില്‍ വേണ്ട ആദരവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്നും ലെഗ് സ്പിന്നര്‍ ആരോപിച്ചു. ടെസ്റ്റുകളില്‍ നിന്ന് കനേരിയ 261 വിക്കറ്റുകളാണ് നേടിയത്. 15 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
'ഞങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുകൂടി പാകിസ്ഥാനില്‍ ഞങ്ങളോട് എങ്ങനെ പെരുമാറി എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഞങ്ങള്‍ വിവേചനം നേരിട്ടിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തി,'- കനേരിയയുടെ വാക്കുകള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'എനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നു, എന്റെ കരിയര്‍ നശിപ്പിച്ചു. പാകിസ്ഥാനില്‍ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യ നീതിയിലും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാന്‍ ഇന്ന് യുഎസിലാണ്. ഞങ്ങള്‍ എത്രമാത്രം കഷ്ടപ്പാട് അനുഭവിച്ചു എന്ന് അമേരിക്കയെ അറിയിക്കാനാണ് ഞങ്ങള്‍ സംസാരിച്ചത്.'- കനേരിയ കൂട്ടിച്ചേര്‍ത്തു. 2023ല്‍ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലും അഫ്രീദിക്കെതിരെ കനേരിയ തിരിഞ്ഞിരുന്നു.തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ അഫ്രീദി നിരന്തരം പ്രേരിപ്പിച്ചുവെന്നായിരുന്നു കനേരിയയുടെ തുറന്നുപറച്ചില്‍.
'എന്റെ കരിയറില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചു, കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം-ഉള്‍-ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു.അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാന്‍ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു, എന്നോടൊപ്പം ഭക്ഷണം കഴിച്ചില്ല. മതം മാറാന്‍ എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. ഇന്‍സമാം-ഉള്‍-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല,'- കനേരിയ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക