
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും വിവാഹമോചിതരായി. മുംബൈ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.
ഇരുവരും ബാന്ദ്രയിലെ കുടുംബ കോടതിയിലാണ് ഹാജരായത്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് വിവാഹമോചനം. ഈ സീസണില്‍ ചഹല്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഐപിഎല്‍ കൂടി കണക്കിലെടുത്തു നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ഇന്നലെ കുടുംബ കോടതിയോടു നിര്‍ദ്ദേശിച്ചിരുന്നു. ഇരു കൂട്ടരും സംയുക്തമായി നല്‍കിയ ഹര്‍ജി പരിഗണിച്ച് വിവാഹമോചനം അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കി.
2020ലാണ് ചഹലും ധനശ്രീയും വിവാഹിതരായത്. 2022 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഈവര്‍ഷം ഫെബ്രുവരി അഞ്ചിനാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ചഹല്‍ ധനശ്രീയ്ക്ക് 4.75 കോടി രൂപ നല്‍കണം. ഇതില്‍ 2.37 കോടി താരം കൊടുത്തു. വിവാഹമോചനം പൂര്‍ത്തിയായി കഴിഞ്ഞ് രണ്ടാം ഗഡു നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
ഐപിഎല്ലിനു മുന്നോടിയായി ചഹല്‍ ചണ്ഡീഗഢില്‍ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് താരം കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനായി മുംബൈയില്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക