
ഹൈദരാബാദ്: സൗജന്യ ഐപിഎല്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്‌സിഎ) നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇനിയും ഇത്തരം സമീപനങ്ങള്‍ ആവര്‍ത്തിച്ചാല്‍ എസ്ആര്‍എച് ഹൈദരാബാദിലെ ഹോം ഗ്രൗണ്ട് മാറ്റുമെന്നു മുന്നറിയിപ്പ് നല്‍കിയതായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എച്‌സിഎ അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റാവുവിന്റെ ഭീഷണിയും നിര്‍ബന്ധവും സഹിക്കാന്‍ കഴിയുന്നതിന്റെ പരിധിയൊക്കെ കഴിഞ്ഞതായും ടീമിനോടടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്ആര്‍എച് ടീം മാനേജര്‍ ശ്രീനാഥ് ടിബി എച്‌സിഎ ട്രഷറര്‍ സിജെ ശ്രീനിവാസിനു കത്തെഴുതിയതായും വാര്‍ത്തകളുണ്ട്.
ഇതു പുതിയ അനുഭവമല്ല. 2024ലും അസോസിയേഷന്‍ ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള അനിയന്ത്രിത പെരുമാറ്റമുണ്ടായിട്ടുണ്ടെന്നും എസ്ആര്‍എച് ടീം കത്തില്‍ ആരോപിക്കുന്നുണ്ട്. വിഷയത്തിലുള്ള പ്രതികരണമായി എസ്ആര്‍എചിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ഗ്രൗണ്ടിലെ ഒരു വിഐപി ബോക്‌സ് ടീം തുറന്നില്ല.
വിവിധ ഓഹരി ഉടമകളുമായി ചേര്‍ന്നു ടീം ഒരു മത്സരത്തില്‍ 3,900 സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതിനു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 50 വിഐപി ടിക്കറ്റുകള്‍ അസോസിയേഷനു അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പോരെന്നും രണ്ടാമത്തെ വിഐപി ബോക്‌സിലേക്കായി 20 ടിക്കറ്റുകള്‍ കൂടി നല്‍കണമെന്നാണ് നിരന്തരം ആവശ്യപ്പെടുന്നതെന്നും ടീം മാനേജര്‍ ശ്രീനാഥ് ആരോപിക്കുന്നു. അധിക ടിക്കറ്റെന്ന ആവശ്യം ടീം തള്ളിയതിനു പിന്നാലെയാണ് ലഖ്‌നൗവിനെതിരായ പോരാട്ടത്തില്‍ വിഐപി ബോക്‌സ് പൂട്ടിയത്.
ഭീഷണി ഇനിയും തുടര്‍ന്നാല്‍ ബിസിസിഐയ്ക്കു പരാതി നല്‍കുമെന്നു എസ്ആര്‍എച് മാനേജര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എച്‌സിഎ അധ്യക്ഷന്റെ ഇത്തരത്തിലുള്ള ഭീഷണികള്‍ ഹൈദരാബാദ് സ്റ്റേഡിയത്തില്‍ എസ്ആര്‍എച് കളിക്കുന്നതിനു അസോസിയേഷനു താത്പര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് മാറ്റാന്‍ എസ്ആര്‍എച് ഒരുക്കമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ബിസിസിഐയേയും തെലങ്കാന സര്‍ക്കാരിനേയും മാനേജ്‌മെന്റ് അറിയിക്കുമെന്നും മാനേജര്‍ പറയുന്നു.
കത്തിനോടു എച്‌സിഎ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നു അസോസിയേഷന്‍ അധികൃതര്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക