

ന്യൂഡല്‍ഹി: നിര്‍ത്തിവച്ച ഐപിഎല്‍ വീണ്ടും തുടങ്ങാനിരിക്കെ പല ടീമുകളും ആശങ്കയിലാണ്. മിക്ക ടീമുകളിലേയും വിദേശ താരങ്ങളുടെ തിരിച്ചു വരവ് ചോദ്യം ചിഹ്നത്തില്‍ നില്‍ക്കുന്നു. ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് നിര്‍ത്തി വച്ചതോടെ മിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. ടൂര്‍ണമെന്റ് വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ഷെഡ്യൂള്‍ ജൂണിലേക്ക് നീണ്ടതു താരങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചു.
വിദേശ താരങ്ങള്‍ക്കു പകരക്കാരെ താത്കാലികമായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതു ടീമുകള്‍ക്ക് ആശ്വസമാണ്. പകരക്കാരായ താരങ്ങളെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താന്‍ പക്ഷേ സാധിക്കില്ല. പരിക്കേറ്റാലാണ് പകരക്കാരെ ഉള്‍പ്പെടുത്താമെന്ന അനുമതി നിലവിലുള്ളത്. അങ്ങനെ പകരമെത്തിക്കുന്ന താരത്തെ അടുത്ത സീസണിലും ടീമിനു നിലിര്‍ത്താം. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ സൗകര്യം നടപ്പാക്കിയത്.
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇനി ജൂണിലെ അവസാനിക്കു. ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങളുടെ അഭാവമായിരിക്കും അവസാന മത്സരങ്ങളെ കൂടുതല്‍ ബാധിക്കുക. ടെസ്റ്റ് ക്യാംപിനായി താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരേണ്ടതുണ്ട്.
ഓസ്‌ട്രേലിയന്‍ താരങ്ങളായ ക്യാപ്റ്റന്‍ കമ്മിന്‍സ്, ട്രാവിസ് ഹെഡ്ഡ് (എസ്ആര്‍എച്ച്), ജോഷ് ഹെയ്‌സല്‍വുഡ് (ആര്‍സിബി), ജേഷ് ഇംഗ്ലിസ് (പഞ്ചാബ് കിങ്‌സ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഡിസി) എന്നിവര്‍ ടെസ്റ്റ് ഫൈനല്‍ ടീമിലുണ്ട്. ഇവരുടെ സേവനം ടീമുകള്‍ക്കു നഷ്ടമാകും.
എയ്ഡന്‍ മാർക്രം (എല്‍എസ്ജി), കഗിസോ റബാഡ (ജിടി), ലുന്‍ഗി എന്‍ഗിഡി (ആര്‍സിബി), റയാന്‍ റിക്കല്‍ടന്‍ (എംഐ), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (ഡിസി), മാര്‍ക്കോ യാന്‍സന്‍ (പഞ്ചാബ്) എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ടെസ്റ്റ് ഫൈനല്‍ ടീമിലുണ്ട്. ഇവരും ഇന്ത്യയിലേക്കില്ല.
ഇംഗ്ലണ്ട് താരങ്ങളുടെ പങ്കാളിത്തവും നിലവില്‍ അനിശ്ചിതത്വത്തിലാണ്. ജോസ് ബട്‌ലര്‍, വില്‍ ജാക്‌സ്, ജാമി ഓവര്‍ടന്‍, സാം കറന്‍ എന്നിവരൊന്നും മടങ്ങിയെത്താന്‍ സാധ്യതയില്ല.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്ക്, ദക്ഷിണാഫ്രിക്കന്‍ മുന്‍ നയകനും വെറ്ററന്‍ താരവുമായി ഫാഫ് ഡുപ്ലെസി എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജസ്ഥാന്റെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചറുടെ തിരുച്ചുവരവ് സംശയത്തിലാണ്. താരത്തിനു പരിക്കും വില്ലനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates