'കാശല്ല, ജീവനാണ് പ്രധാനം'; ഐപിഎല്ലിനായി വരരുതെന്ന് വിദേശ താരങ്ങളോട് മുന്‍ ഓസീസ് പേസര്‍
സിഡ്‌നി: ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ഐപിഎല്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ, വിദേശ താരങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് ബുദ്ധിപരമല്ലെന്ന ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സന്‍. ഐപിഎല്ലില്‍ നിന്നു കിട്ടുന്ന ഭീമന്‍ ശമ്പള ചെക്കുകളേക്കാള്‍ പ്രാധാന്യം സ്വന്തം സുരക്ഷയ്ക്ക് നല്‍കണമെന്നും മുന്‍ ഓസീസ് പേസര്‍ പറഞ്ഞു.
ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 9 മുതല്‍ ഐപിഎല്‍ പോരാട്ടങ്ങള്‍ നിരത്തി വച്ചിരുന്നു. ഇതോടെ വിദേശ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ഈ മാസം 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പല ഫ്രാഞ്ചൈസികളും ഇപ്പോഴും തങ്ങളുടെ വിദേശ താരങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് നെഗറ്റീവ് കമന്റുമായി മിച്ചല്‍ ജോണ്‍സന്‍ രംഗത്തെത്തിയത്.
'ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളോടു സ്വന്തമായി തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അങ്ങനെ അവര്‍ തീരുമാനിക്കുന്നത് അവര്‍ക്കു തന്നെ കനത്ത ഭാരമായി മാറുമെന്നാണ് എന്റെ അഭിപ്രായം. പണം കിട്ടിയേക്കാം. പക്ഷേ ഇതു കേവലം ഒരു കളി മാത്രമാണെന്നു ആലോചിക്കണം. ജീവന്റെ സുരക്ഷയാണ് പ്രധാനം. ശമ്പള ചെക്കുകളല്ല.'
'ചില ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക താരങ്ങള്‍ക്കു ഇനി ഐപിഎല്‍ കളിക്കാന്‍ സാധിക്കില്ല. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലായിരിക്കും അവര്‍. അതു മറക്കണ്ട. ചിലര്‍ മടങ്ങി വരാന്‍ തയ്യാറെടുക്കുന്നുണ്ട്. എങ്കിലും പലരും ഉത്കണ്ഠയില്‍ തന്നെയാണ്.'
'ക്രിക്കറ്റ് അവേശകരമാണ് തര്‍ക്കമില്ല. ഭിന്നതകള്‍ ഇല്ലാതാക്കാനും ക്രിക്കറ്റിനു സാധിക്കും. എന്നാല്‍ നിലവിലെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കളിക്കാരുടേയും ആരാധകരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ടതുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സംഘര്‍ഷാവസ്ഥ പൂര്‍ണമായും ഇല്ലാതായ ശേഷം മത്സരങ്ങള്‍ വീണ്ടും തുടങ്ങുന്നതായിരിക്കും കൂടുതല്‍ സന്തോഷകരം എന്നാണ് എന്റെ അഭിപ്രായം'- ജോണ്‍സന്‍ വ്യക്തമാക്കി.
വിപുലമായ കൂടിയാലോചനകള്‍ നടത്തിയും സര്‍ക്കാരില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയ ശേഷവുമാണ് ലീഗ് പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഈ മാസം 25നു നിശ്ചയിച്ച ഫൈനല്‍ ജൂണ്‍ മൂന്നിനാണ് അരങ്ങേറുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ