മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ല! ഡല്‍ഹിക്ക് കനത്ത തിരിച്ചടി
സിഡ്‌നി: ഐപിഎല്‍ നാളെ പുനരാരംഭിക്കാനിരിക്കെ ഇന്ത്യയിലേക്ക് തിരിച്ചു വരേണ്ടതില്ലെന്നു ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുകയാണ് ഇത്തവണ സ്റ്റാര്‍ക്ക്. ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു ഐപിഎല്‍ നിര്‍ത്തി വച്ചിരുന്നു. പിന്നാലെയാണ് താരം ഇന്ത്യ വിട്ട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്.
നിലവില്‍ ഡല്‍ഹിക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് സ്റ്റാര്‍ക്ക്. താരത്തിന്റെ അഭാവം പ്ലേ ഓഫിനായി കിണഞ്ഞു ശ്രമിക്കുന്ന അവര്‍ക്ക് വന്‍ തിരിച്ചടിയാണ്.
പുതുക്കിയ മത്സരക്രമം അനുസരിച്ച് ജൂണ്‍ 3നാണ് ഫൈനല്‍ പോരാട്ടം. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ പരിശീലനടക്കമുള്ള തിരക്കുകളിലേക്ക് സ്റ്റാര്‍ക്ക് അടക്കമുള്ള ഓസീസ് താരങ്ങള്‍ കടക്കും.
നേരത്തെ മറ്റൊരു ഓസീസ് താരമായ ജാക്ക് ഫ്രേസര്‍ മക്ഗുര്‍കിനേയും ഡല്‍ഹിക്കു നഷ്ടമായിരുന്നു. താരവും ഇന്ത്യയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹി പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെയാണ് ടീമിലെത്തിച്ചത്. അതിനിടെയാണ് സ്റ്റാര്‍ക്കും തിരികെ വരേണ്ടെന്നു തീരുമാനിച്ചത്.
സീസണില്‍ 11 മത്സരങ്ങളില്‍ നിന്നു സ്റ്റാര്‍ക്ക് 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡല്‍ഹിക്ക് ഇനി നിര്‍ണായകമായ മൂന്ന് മത്സരങ്ങളാണ് മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളാണ് എതിരാളികള്‍. അഞ്ചാം സ്ഥാനത്തുള്ള അവര്‍ക്ക് മൂന്ന് പോരാട്ടങ്ങളില്‍ രണ്ടെണ്ണമെങ്കിലും വിജയിച്ചാല്‍ മാത്രമാണ് പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ