
ലണ്ടന്‍: വെംബ്ലി സ്‌റ്റേഡിയത്തില്‍ ക്രിസ്റ്റല്‍ പാലസ് എന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് തങ്ങളുടെ 119 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായി ഒരു മേജര്‍ കിരീടം സ്വന്തമാക്കി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് അവര്‍ എഫ്എ കപ്പില്‍ ചാംപ്യന്‍മാരായി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് പാലസ് തങ്ങളുടെ കന്നി മേജര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒപ്പം അടുത്ത സീസണിലെ യുവേഫ യൂറോപ്പ ലീഗ് കിരീട പോരാട്ടത്തിലേക്കും യോഗ്യതയും നേടി.
നാടകീയതയും ഒട്ടേറെ ത്രില്ലര്‍ നിമിഷങ്ങളും പിറന്ന പോരാട്ടത്തിലാണ് ക്രിസ്റ്റല്‍ പാലസിന്റെ നേട്ടം. മുന്‍പ് രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിട്ടാത്ത കിരീടമാണ് ഒലിവല്‍ ഗ്ലാസ്‌നറെന്ന പരിശീലകനു കീഴില്‍ അവര്‍ നേടിയെടുത്തത്. ഫ്രാങ്ക്ഫര്‍ടിനെ യൂറോപ്പ ലീഗ് കിരീടം അടിപ്പിച്ച പരിശീലകന്‍ കൂടിയായ ഗ്ലാസ്‌നറുടെ കരിയറിലെ മറ്റൊരു നേട്ടം കൂടിയായി കിരീടം മാറി.
കളിയുടെ 16ാം മിനിറ്റില്‍ എബെരെഷി ഈസെയുടെ ഗോളിലാണ് ക്രിസ്റ്റല്‍ വിജയമുറപ്പിച്ചത്. കെവിന്‍ ഡിബ്രുയ്‌നെ അടിച്ച പെനാല്‍റ്റി കിക്കും ആ കിക്കില്‍ നിന്നു റിബൗണ്ടായി വന്ന മറ്റൊരു ഷോട്ടും തടുത്ത് ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സനും ഹീറോയായി. ഇതടക്കം നിരവധി നിര്‍ണായക ഗോള്‍ സേവുകളാണ് താരം നടത്തിയത്.
സീസണിന്റെ തുടക്കം മുതല്‍ തപ്പിത്തടഞ്ഞ ടീമാണ് ക്രിസ്റ്റല്‍ പാലസ്. പിന്നീട് ഗ്ലാസ്‌നറുടെ കീഴില്‍ അവര്‍ മെല്ലെ മെല്ലെ മെച്ചപ്പെടുകയായിരുന്നു. ജനുവരിക്ക് ശേഷം താരങ്ങളെല്ലാം മികവിലേക്ക് എത്തിയതും സീസണ്‍ അവസാനത്തില്‍ അവര്‍ക്ക് നിര്‍ണായകമായി. എഫ്എ കപ്പ് കിരീടം നേടുന്ന ആദ്യ ഓസ്ട്രിയന്‍ പരിശീലകനെന്ന പെരുമയും ഗ്ലാസ്‌നര്‍ക്കു സ്വന്തം.
സിറ്റിയുടെ കിരീടധാരണം ഉറപ്പിച്ച കടുത്ത ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് ക്രിസ്റ്റല്‍ പാലസ് പുറത്തെടുത്തത്. പെപ് ഗ്വാര്‍ഡിയോളയെ ടാക്റ്റിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ട് ഗ്ലാസ്‌നര്‍ മറികടക്കുന്ന കാഴ്ചയായിരുന്നു വെംബ്ലിയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ