

മുംബൈ: പ്രതീക്ഷിച്ച പോലെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. കരുൺ നായർ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ എന്നിവർ ടീമിലെത്തിയപ്പോൾ അപ്രതീക്ഷിത തിരിച്ചടി കിട്ടിയത് ശ്രേയസ് അയ്യർക്കാണ്. ചാംപ്യൻസ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ അയ്യരുടെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ബിസിസിഐ താരത്തെ പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമായി.
റെഡ് ബോൾ ക്രിക്കറ്റിലെ ശ്രേയസിന്റെ മികവിൽ ഇപ്പോഴും ടീം മാനേജ്മെന്റ് തൃപ്തരല്ലെന്നു വ്യക്തമാക്കുന്നതാണ് പുതിയ ടെസ്റ്റ് ടീം തിരഞ്ഞെടുപ്പും. നിലവില്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല എന്നായിരുന്നു സെലക്ഷന്‍ തലവന്‍ അജിത് ആഗാര്‍ക്കറുടെ പ്രതികരണം.
ഐപിഎല്ലിൽ അയ്യർ നായകനും ഗംഭീർ മെന്ററുമായ കൊൽക്കത്ത നൈറ്റ്റേഡേഴ്സ് കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നാലെ ഗംഭീർ ഇന്ത്യൻ പരിശീലകനായി. ഇടവേളയ്ക്കു ശേഷം ശ്രേയസിനെ ഏകദിന ടീമിലേക്ക് മടക്കി വിളിച്ചതും താരം മികച്ച ഫോമിൽ ബാറ്റ് വീശിയതും സമീപ കാലത്താണ്. സ്വാഭാവികമായും ഗംഭീർ ശ്രേയസിനെ ഉൾപ്പെടുത്തുമെന്നായിരുന്നു ഏവരുടേയും കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടിയപ്പോൾ 243 റൺസുമായി ടീമിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം ശ്രേയസ് അയ്യരായിരുന്നു. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ 5 മത്സരങ്ങളിൽ നിന്നു 2 സെഞ്ച്വറിയടക്കം ശ്രേയസ് 480 റൺസ് അടിച്ചു. വിജയ് ഹസാരെയിലും ഫോമിലായിരുന്നു. 325 റൺസ് താരം സ്വന്തമാക്കി. ടെസ്റ്റ് ടീമിനു മുൻപ് പ്രഖ്യാപിച്ച അഭിമന്യു ഈശ്വരൻ നയിക്കുന്ന ഇന്ത്യ എ ടീമിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോരാട്ടത്തിന്റെ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. ജൂൺ 20 മുതലാണ് പരമ്പര തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates