
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഫാഫ് ഡുപ്ലെസിയുടെയും(du plessis) പഞ്ചാബ് കിങ്‌സ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ അവിചാരിതമായി ഒരു ആരാധകന്റെ ഫോണില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ജയ്പുരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഫീല്‍ഡ് ചെയ്യുന്ന ഡുപ്ലെസിയുടെ പിന്നില്‍ പ്രീതി സിന്റ നില്‍ക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ ഫ്രെയിമിനെപ്പോലും തോല്‍പ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ആരാധകരുടെ പക്ഷം. ഡുപ്ലേസിയെ കണ്ടാല്‍ ഒരു ആക്ഷന്‍ ഹീറോയേപ്പോലെയുണ്ടെന്നും പ്രീതി സിന്റയ്‌ക്കൊപ്പം ഡുപ്ലെസിയെ നായകനാക്കി ഒരു സിനിമ ചെയ്യൂ എന്നുമായിരുന്നു ആരാധകന്റെ ആവശ്യം. എന്നാല്‍ ആരാധക പ്രതികരണങ്ങള്‍ക്ക് ഡുപ്ലെസി മറുപടിയുമായി എത്തി. 'ആ സിനിമ യാഥാര്‍ഥ്യമാക്കൂ' എന്നായിരുന്നു ഡുപ്ലെസിയുടെ മറുപടി.
'ഫാഫ് ഡുപ്ലെസിയെയും പ്രീതി സിന്റയെയും വച്ച് ആരെങ്കിലും ഒരു സിനിമ ചെയ്യൂ. ഡുപ്ലെസിയെ കണ്ടാല്‍ ഒരു ആക്ഷന്‍ ഹീറോയേപ്പോലെയുണ്ട്. പ്രീതി സിന്റയാണെങ്കില്‍ പ്രായം കൂടും തോറും കൂടുതല്‍ സുന്ദരിയുമാകുന്നു. ഇവരെ വച്ച് ഒരു സ്‌പോര്‍ട്‌സ് ഡ്രാമയോ റോയല്‍ റൊമാന്‍സ് ചിത്രമോ പ്ലാന്‍ ചെയ്യാം. ഈ ദൃശ്യ സമ്പൂര്‍ണത നഷ്ടമാക്കരുത്' - ഇതായിരുന്നു വൈറല്‍ ചിത്രം പങ്കുവച്ച ആരാധകന്റെ കുറിപ്പ്.
വൈറല്‍ ചിത്രത്തിന് പിന്നാലെ ഡുപ്ലെസിയുടെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഡുപ്ലേസിയും പ്രീതി സിന്റയും സംസാരിക്കുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി വിഡിയോയും പങ്കിട്ടു. പ്രീതി സിന്റ അഭിനയിച്ച 'കല്‍ ഹോ നഹോ' എന്ന ചിത്രത്തിലെ പ്രശസ്ത ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ