

മുംബൈ: പാക് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സൈനികനീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ (Operation Sindoor) മുന്‍നിര പോരാളികളെ ഐപിഎല്‍ ഫൈനല്‍ വേദിയില്‍ ബിസിസിഐ ആദരിക്കും. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരവേദിയിലേക്ക് മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ആറിയിച്ചു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധവി ദിനേഷ് കെ ത്രിപാഠി, വ്യോമസേനാ മേധാവി അമര്‍പ്രീതം സിങ് സിങ് എന്നിവരെയാണ് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ സമാപനവേദിയിലേക്ക് മുന്ന് സൈനിക മേധാവികളെയും ഉന്നത സൈനികദ്യോഗസ്ഥരെയും ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. സൈന്യത്തിന്റെ ധീരത, സേവനം, രാജ്യത്തിനായുള്ള സമര്‍പ്പണം എന്നിവയെ ബിസിസിഐ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സൈനികനീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേഹം അഭിനന്ദിക്കുകയം ചെയ്തു.
ഐപിഎല്‍ സമാപനവേദിയില്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കാനും സൈനികനീക്കത്തിന്റെ ഭാഗമായി മുന്‍നിരപോരാളികളെ ആദരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ദേശീയ വികാരമായി തുടരുമ്പോള്‍ തന്നെ അതിനെക്കാള്‍ വലുതാണ് രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സുരക്ഷിതത്വമെന്നും സൈകിയ പറഞ്ഞു.
ധരംശാലയില്‍ പഞ്ചാബ്-ഡല്‍ഹി മത്സരം നടക്കുന്നതിടെ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഈ മാസം എട്ടിന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് സംഘര്‍ഷത്തില്‍ അയവുവരികയും ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ 17നാണ് ഐപിഎല്‍ പുനരാരംഭിച്ചത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം കൊല്‍ക്കത്തയായിരുന്നു ഫൈനലിന് വേദിയാവേണ്ടതെങ്കിലും ഫൈനല്‍ അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അവസാനനിമിഷം വേദി മാറ്റിയ ബിസിസിഐ നടപടിക്കെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
ഏപ്രില്‍ 22ന് കശ്മിരിലെ പഹല്‍ഗാമില്‍ 26പേരെ കൊലപ്പെടുത്തിയ പാക് ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ മിസൈലാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. 2025 മേയ് 7 പുലര്‍ച്ചെ 1.44ന് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിങ്ങനെ 9 ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. നൂറിലേറെ ഭീകരവാദികള്‍ ഇന്ത്യന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഒടുവില്‍ പാകിസ്ഥാന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates