
ന്യൂഡല്‍ഹി: ഇതുവരെ ഐപിഎല്‍ (IPL 2025) കിരീടം നേടാത്ത പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ ഇത്തവണ പ്ലേ ഓഫിലേക്ക് എത്തിയിട്ടുണ്ട്. ഇരു ടീമുകളുമായിരിക്കും ഫൈനലില്‍ നേര്‍ക്കുനേര്‍ വരികയെന്നു പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
'ടൂര്‍ണമെന്റിന്റെ ശരിയായ ഘട്ടത്തില്‍ മികവിലേക്ക് എത്തുകയാണ് പ്രധാനം. പഞ്ചാബ് ആ വഴിയിലാണ് ഇപ്പോള്‍. തുടക്കത്തില്‍ അവര്‍ മികവ് പുലര്‍ത്തി. ഇടയ്ക്ക് ആവേശം അല്‍പ്പം കുറഞ്ഞു. പ്ലേ ഓഫിനു തൊട്ടുമുന്‍പ് അവര്‍ പഴയ വീര്യം വീണ്ടെടുത്തിരിക്കുന്നു. ദേശീയ ടീമിനായി കളിക്കാന്‍ ചില താരങ്ങള്‍ പോയെങ്കിലും നിലവില്‍ ടീമിലുള്ള ബാറ്റര്‍മാരെല്ലാം ഫോമിലാണ്.'
'അര്‍ഷ്ദീപ് മികവിലേക്ക് എത്തിയത് പഞ്ചാബിന് ശുഭസൂചനയാണ്. അദ്ദേഹത്തില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഫൈനലില്‍ പഞ്ചാബും ബംഗളൂരുവും നേര്‍ക്കുനേര്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്.'
11 വര്‍ഷത്തിനു ശേഷമാണ് പഞ്ചാബ് പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാണ്. അയ്യരേയും ഉത്തപ്പ പ്രശംസിച്ചു.
'അസാധാരണ നായകനാണ് ശ്രേയസ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു കിരീടം സമ്മാനിച്ചിട്ടും അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയില്ല. അവര്‍ അദ്ദേഹത്തെ വില കുറച്ചു കണ്ടു. ഇതുവരെ കിരീടം നേടാത്ത പഞ്ചാബിലെത്തിയ ശ്രേയസ് അവരെയിപ്പോള്‍ പ്രതീക്ഷ ഉയരുന്ന അവസ്ഥയിലേക്ക് എത്തിച്ചു.'
'തുടക്കം മുതല്‍ ഞാന്‍ പറയുന്നുണ്ട് പഞ്ചാബ്- ആര്‍സിബി ഫൈനല്‍. ആര്‍സിബി ബൗളിങ് യൂണിറ്റടക്കം ഇപ്പോള്‍ മികവിലാണ്. ചേസ് മാസ്റ്ററായി കോഹ്‌ലിയുണ്ട്. 20 ഓവറും അദ്ദേഹം ബാറ്റ് ചെയ്താല്‍ എതിര്‍ ടീം വെള്ളം കുടിക്കും.'
'ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ മെച്ചപ്പെടേണ്ടതുണ്ട്. ഹെയ്‌സല്‍വുഡ് തിരിച്ചെത്തിയത് നിര്‍ണായകമാണ്. ഭുവനേശ്വര്‍ കുമാറിനു അതിനാല്‍ സമ്മര്‍ദ്ദം കുറയും. സൂയഷ് ശര്‍മ കഴിഞ്ഞ കളിയില്‍ പരാജയമായിരുന്നു. മികവിലേക്ക് മടങ്ങിയെത്തിയാല്‍ അദ്ദേഹം ഫലപ്രദമാണ്. യഷ് ദയാലും മികവോടെ പന്തെറിയുന്നുണ്ട്. ക്രുണാല്‍ പാണ്ഡ്യയും ഫോമിലുള്ളത് ആര്‍സിബിക്ക് സാധ്യതകള്‍ കൂടുതല്‍ എളുപ്പമാക്കുന്നു'- ഉത്തപ്പ പ്രവചിക്കുന്നു.
മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പഞ്ചാബ് നിലവില്‍ ഒന്നാം സ്ഥാനത്തും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നും ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ അവര്‍ക്ക് എലിമിനേറ്റര്‍ പോരാട്ടം ഒഴിവായി.
ആര്‍സിബി ഇന്ന് അവസാന പോരിനിറങ്ങും. ജയിച്ചാല്‍ അവരും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നുറപ്പിച്ച് എലിമിനേറ്റര്‍ കടമ്പ ഒഴിവാക്കും. ആര്‍സിബി ജയിച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടമായിരിക്കും. ആര്‍സിബിക്ക് തോല്‍വി പിണഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സിന് ബംഗളൂരുവായിരിക്കും എതിരാളികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ