പന്തിന്റെ സെഞ്ച്വറി ഏറ്റില്ല, ലഖ്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ആര്‍സിബി; ആറുവിക്കറ്റ് ജയം

ഐപിഎല്ലിലെ അവസാനമത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം
RCB won by 6 wickets against lucknow
ജിതേഷ് ശർമയുടെ ആഹ്ലാദ പ്രകടനം (ipl)image credit:Indian Premier League
Updated on
1 min read

ലഖ്നൗ: ഐപിഎല്ലിലെ(ipl) അവസാനമത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. ലഖ്‌നൗ മുന്നോട്ടുവെച്ച 228 റണ്‍സ് എന്ന വിജയലക്ഷ്യം 18.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. ഇതോടെ ആര്‍സിബി ഒന്നാം ക്വാളിഫയറിനു യോഗ്യതയുറപ്പാക്കി. സീസണിലെ ഒന്‍പതാം വിജയത്തോടെ 19 പോയിന്റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തെത്തി. മെയ് 29ന് നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സാണ് ആര്‍സിബിയുടെ എതിരാളി.

ബംഗളൂരുവിനായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ചറി നേടി. 33 പന്തുകള്‍ നേരിട്ട ജിതേഷ് ശര്‍മ 85 റണ്‍സെടുത്തു പുറത്താകാതെനിന്നു. 30 പന്തില്‍ വിരാട് കോലി 54 റണ്‍സെടുത്തു. മയങ്ക് അഗര്‍വാളും (23 പന്തില്‍ 41) തിളങ്ങി. സ്‌കോര്‍ 123 ല്‍ നില്‍ക്കെ കോഹ്‌ലിയെ ആവേശ് ഖാന്‍ ആയുഷ് ബദോനിയുടെ കൈകളിലെത്തിച്ചു. മധ്യനിരയില്‍ മയങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ചേര്‍ന്നതോടെ ബംഗളൂരുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബംഗളൂരു വിജയ റണ്‍സ് കുറിച്ചത്.

നേരത്തെ ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ നേടി കൊടുത്തത്. 55 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ പന്ത് 61 ബോളില്‍ നിന്ന് പുറത്താകാതെ 118 റണ്‍സ് നേടി. എട്ട് സിക്സുകളും 11 ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ഐപിഎല്ലില്‍ നിന്ന് ലഖ്നൗ നേരത്തെ പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. സെഞ്ച്വറി നേട്ടം പന്ത് ഗ്രൗണ്ടില്‍ ആഘോഷമാക്കുകയും ചെയ്തു. സമ്മര്‍സോള്‍ട്ട് അടിച്ചാണ് താരം സെഞ്ച്വറി ആഘോഷമാക്കിയത്. ഈ സീസണിലെ മോശം പ്രകടനത്തിന് താരം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് വെറും 151 റണ്‍സാണ്. എന്നാല്‍ അവസാനമത്സരത്തില്‍ ആര്‍സിബിക്കെതിരെ പുറത്താകാതെ 118 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. 37 പന്തില്‍ അഞ്ച് സിക്സുകളും നാല് ഫോറുകളും അടക്കം മിച്ചല്‍ മാര്‍ഷ് 67 റണ്‍സ് നേടി. ഓപ്പണര്‍ മാത്യു ബ്രീറ്റ്സ്‌കി 14 റണ്‍സെടുത്തു പുറത്തായെങ്കിലും മാര്‍ഷും ക്യാപ്റ്റന്‍ പന്തും ലഖ്‌നൗവിന്റെ രക്ഷകരാകുകയായിരുന്നു. സ്‌കോര്‍ 25 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റു പോയ, ലഖ്നൗവിന്റെ രണ്ടാം വിക്കറ്റു വീണത് 177 ല്‍ ആണ്. 9.5 ഓവറില്‍ ലഖ്നൗ 100 പിന്നിട്ടു.10 പന്തുകള്‍ നേരിട്ട നിക്കോളാസ് പുരാന്‍ 13 റണ്‍സെടുത്തു പുറത്തായി. ആര്‍സിബിക്കായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com