
സ്റ്റാവഞ്ചർ: നോർവെയിൽ ചെസ് പോരാട്ടത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങക്ക് (Indian chess stars) ഒരു കേരളീയ റസ്റ്റോറന്റ് ഇഷ്ട ഇടമായി മാറുന്നു. സ്റ്റാവഞ്ചറിൽ പ്രവർത്തിക്കുന്ന സ്പിസോ എന്ന റസ്റ്റോറന്റാണ് താരങ്ങളുടെ വയറും മനസും കീഴടക്കിയത്. നോർവെയിൽ നടക്കുന്ന ചെസ് പോരിൽ പങ്കെടുക്കാനെത്തിയ ലോക ചാംപ്യൻ ആർ ഗുകേഷ്, സൂപ്പർ താരങ്ങളായ അർജുൻ എരിഗൈസി, ആർ വൈശാലി, കൊനേരു ഹംപി എന്നിവരെല്ലാം ഇവിടെ വന്നാണ് ഭക്ഷണം കഴിക്കുന്നത്.
കഴിഞ്ഞ തവണ ഇവിടെയെത്തി ഭക്ഷണം കഴിച്ച ആർ പ്രഗ്നാനന്ദയാണ് എരിഗൈസിയോട് ഈ റസ്റ്റോറന്റിനെ കുറിച്ച് പറഞ്ഞത്. പിന്നാലെയാണ് താരങ്ങൾ എത്തിയത്. മട്ടൻ മസാല, ചിക്കൻ ബിരിയാണി അടക്കമുള്ളവ താരങ്ങൾ കഴിച്ചതായി സ്പിസോയുടെ അഞ്ച് ഉടമകളിൽ ഒരാളായ സതീഷ് കാമത്ത് പറയുന്നു. വൈശാലിയുടെ ഇഷ്ട ഭക്ഷണം പൊടി ദോശയാണെന്നും സതീഷ്. ദക്ഷിണേന്ത്യൻ ശൈലിയിലുള്ള മസാല ചേർത്ത മട്ടനായിരുന്നു ചിലർക്ക് താത്പര്യം.
നോർവയിലേക്ക് കുടിയേറിയ മലയാളികളായ പുതു തലമുറ കുടിയേറ്റക്കാരുടെ മനസിൽ വിരിഞ്ഞ ആശയമാണ് റെസ്റ്റോറന്റ് രൂപത്തിൽ പിറവിയെടുത്തത്. കോവിഡ് കാലത്താണ് ഈ ആശയം തലയിൽ കയറിയത്. തുടക്കത്തിൽ ഇരുന്നു കഴിക്കുന്നതിനു പകരം ഓർഡർ സ്വീകരിച്ച് അതതിടങ്ങളിൽ എത്തിക്കുന്ന രീതിയിലാണ് ഇത് തുടങ്ങിയത്. പിന്നീടാണ് റസ്റ്റോറന്റായി മാറിയത്. നിലവിൽ രണ്ട് സംരംഭങ്ങളും മുന്നോട്ടു പോകുന്നുണ്ടെങ്കിലും ശ്രദ്ധ കൂടുതൽ റസ്റ്റോറന്റ് സംവിധാനത്തിനു തന്നെയാണെന്നു ഉടമകൾ പറയുന്നു.
ഓർഡർ സ്വീകരിച്ച് വീടുകളിൽ എത്തിക്കുന്നത് തുടരുന്നുണ്ട്. ഈ സംരഭത്തിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഇപ്പോഴുള്ളത്.
ഓസ്‍ലോയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഒരു പാചക വിദഗ്ധനാണ് ഇപ്പോൾ റസ്റ്റോറന്റിലെ മുഖ്യ പാചകക്കാരൻ. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തെ അവർ സ്വന്തം സംരംഭത്തിലേക്ക് എത്തിച്ചാണ് റസ്റ്റോറന്റിനു തുടക്കമിട്ടത്.
2023ൽ ഡി ഗുകേഷും ഈ റസ്റ്റോറന്റിൽ നിന്നു ഭക്ഷണം കഴിച്ച ആദ്യ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. നോർവെ പോരാട്ടത്തിൽ അർജുൻ എരിഗൈസിയാണ് മുന്നിൽ നിൽക്കുന്ന ഇന്ത്യൻ താരം. ഗുകേഷിനു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പോയിന്റ് പട്ടികയിൽ നിലവിൽ താരം അവസാന സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ