'ജയിച്ച് ശീലമുണ്ട്, അപ്പോൾ ജയിച്ചങ്ങ് കയറും'- ജയവർധനെ

എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
Mahela Jayawardene about Mumbai Indians winning culture
Mahela JayawardeneX
Updated on

മൊഹാലി: മുംബൈ ഇന്ത്യന്‍സിന്റെ വിജയ സംസ്‌കാരം ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിനെ സഹായിക്കുന്നുവെന്ന് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ (Mahela Jayawardene). ഐപിഎല്‍ എലിമിനേറ്ററിലെ നിര്‍ണായക പോരാട്ടത്തില്‍ ത്രില്ലര്‍ ജയം പിടിച്ചതിനു പിന്നാലെയാണ് പരിശീലകന്റെ പ്രതികരണം. 5 തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈക്ക് ആറാം കിരീടത്തിലേക്ക് രണ്ട് ജയങ്ങളാണ് ഇനി വേണ്ടത്.

എല്ലാ സീസണിലും എന്ന പോലെ പതിയെയാണ് അവര്‍ വിജയ വഴിയിലേക്ക് വന്നത്. പിന്നീട് ഓരോ കളി കഴിയും തോറും ടീം മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു. വമ്പന്‍ മത്സരങ്ങളില്‍ ടീം ജയിക്കുന്നതിനെ കുറിച്ചാണ് ജയവര്‍ധനെ തന്റെ വീക്ഷണങ്ങള്‍ പങ്കിട്ടത്.

'വിജയ സംസ്‌കാരം ഉള്ള സംഘമാണ് മുംബൈ ഇന്ത്യന്‍സ്. അങ്ങനെയുള്ളപ്പോള്‍ അതു മുന്നോട്ടുക കൊണ്ടു പോകുക എന്നത് എളുപ്പമുള്ള കാര്യമാണ്. പുതിയ താരങ്ങള്‍ സീസണ്‍ മാറുമ്പോള്‍ വരുന്നുണ്ടെങ്കിലും ഈ ടീമിനൊപ്പം ദീര്‍ഘ നാളായി നില്‍ക്കുന്ന താരങ്ങളും ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ആ വിജയ ശീലം എല്ലായ്‌പ്പോഴും നിലനിര്‍ത്താന്‍ സാധിക്കും.'

'ടീമിനെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ മുന്നോട്ടു പോകാം എന്നതെല്ലാം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കൃത്യമായി വിജയ ശീലം മുന്നോട്ടു കൊണ്ടുപോകാന്‍ അറിയാം. പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരിലും വിജയ മനോഭാവം വളര്‍ത്താന്‍ ഈ സീനിയര്‍ താരങ്ങള്‍ക്കു സാധിക്കുന്നു.'

'രോഹിതടക്കമുള്ളവര്‍ക്ക് ട്രോഫികള്‍ നേടി പരിചയമുണ്ട്. പരിചയ സമ്പന്നര്‍ ടീമിലുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു പുതിയ താരങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വമേ എനിക്കുള്ളു.'

'മെഗാ ലേലത്തില്‍ പുതുമുഖങ്ങളെ ധാരാളം എത്തിക്കുന്നു. ടീമിന്റെ ചരിത്രം, എങ്ങനെയാണ് മുന്നോട്ടു പോകുന്നത്, പോരാടാനുള്ള കരുത്ത് ആ നിലയിലേക്ക് മനോഭാവം മാറ്റേണ്ട ആവശ്യകത തുടങ്ങിയവ പുതിയ താരങ്ങളോട് പറയും. അത്തരമുള്ള നിരന്തര സംസാരങ്ങളുടെ ഫലമാണ് ഇന്നത്തെ വിജയം.'

'ടീമിലെ നിര്‍ണായക താരങ്ങളാണ് ജസ്പ്രിത് ബുംറയും രോഹിത് ശര്‍മയും. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹിത് എത്ര മനോഹരമായാണ് ബാറ്റ് ചെയ്തത്. ജോണി ബെയര്‍സ്‌റ്റോയ്ക്ക് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള സ്‌പെയ്‌സ് അനുവദിച്ച ശേഷം തന്റെ സമയമായപ്പോള്‍ കൃത്യമായി ബൗളര്‍മാരെ തിരഞ്ഞു പിടിച്ച് അദ്ദേഹം കളിച്ചു. മികച്ച ടെംപോ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ഗുജറാത്ത് സ്പിന്നര്‍മാരായ സായ് കിഷോര്‍, റാഷിദ് ഖാന്‍ എന്നിവരില്‍ അദ്ദേഹം സ്ഥാപിച്ച ആധിപത്യം ഗംഭീരമായിരുന്നു. ഇരുവരിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ രോഹിതിനു സാധിച്ചു. വലിയ മത്സരങ്ങളില്‍ മറ്റൊരു ഗിയറിലാണ് രോഹിത് ബാറ്റ് ചെയ്യാറുള്ളത്. അനുഭവ സമ്പത്തിന്റെ കരുത്താണത്.'

പുതുമുഖ പേസറായ അശ്വനി കുമാറിനേയും ജയവര്‍ധനെ അഭിനന്ദിച്ചു.

'അദ്ദേഹം മികച്ച പേസറാണ്. കഴിവുള്ള താരം. ഫ്രാഞ്ചൈസി ശരിയായ വിധത്തില്‍ അദ്ദേഹത്തെ പരിശിലീപ്പിക്കേണ്ടതുണ്ട്.'

'ഗുജറാത്ത് ബാറ്റിങ് തുടങ്ങിയപ്പോള്‍ അപ്രതീക്ഷിത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. സായ് സുദര്‍ശനും വാഷിങ്ടന്‍ സുന്ദറും അതു മുതലാക്കി മികച്ച രീതിയില്‍ മുന്നോട്ടു പോയി. അപ്പോള്‍ കളിയുടെ തന്ത്രം ഞങ്ങള്‍ക്ക് മാറ്റേണ്ടി വന്നു. തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്താന്‍ സാധിച്ചത് നിര്‍ണകമായി. അതൊരു വലിയ വിക്കറ്റായിരുന്നു.'

'വിക്കറ്റ് നോക്കിയ ശേഷമാണ് ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത്. തന്ത്രപരമായി മികച്ച രീതിയില്‍ തന്നെ ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞു. ടെംപോ മികച്ച തായിരുന്നു. ഞങ്ങളുടെ ബാറ്റിങിന്റെ പകുതിക്കു ശേഷമാണ് മഞ്ഞു വീഴ്ച തുടങ്ങിയത്. അതോടെയാണ് ബൗളിങ് സമയത്ത് ഞങ്ങള്‍ പദ്ധതി മാറ്റിയത്. ലെഗ് സ്പിന്നറെ എറിയിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മഞ്ഞ് വീഴ്ച സംഭവിച്ചതോടെയാണ് അശ്വനിയെ കൊണ്ടു പന്തെറിയിക്കാനുള്ള തീരുമാനം വന്നത്.'

ഗുജറാത്ത് താരം സായ് സുദര്‍ശനേയും ജയവര്‍ധനെ അഭിനന്ദിച്ചു. താരത്തിന്റെ ബാറ്റിങ് ശ്രീലങ്കന്‍ ഇതിഹാസത്തില്‍ മതിപ്പുളവാക്കി.

'സായ് ഈ സീസണില്‍ ഗംഭീരമായാണ് ബാറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ ആസ്വദിച്ചു. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിനു നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മികച്ച ഇടംകൈയന്‍ ബാറ്ററാണ് സായ്. മികച്ച ഷോട്ടുകള്‍ തിരഞ്ഞെടുത്ത് കളിക്കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എങ്കിലും അതിനെ മറികടക്കാനുള്ള അറിവ് ബാറ്റിങില്‍ സായിക്കുണ്ട് എന്നാണ് എന്റെ വിലയിരുത്തല്‍'- ജയവര്‍ധനെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com