നന്ദന്‍കോട് കൊലപാതകം; ജിന്‍സന്റെ കാലില്‍ പൊള്ളിയ പാടുകള്‍, വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് പോയതായി ജിന്‍സന്‍ പറഞ്ഞതായി നാട്ടുകാര്‍

വീട്ടുജോലിക്കെത്തിയ സ്ത്രീയോടും അയല്‍ക്കാരോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് കേഡല്‍ പറഞ്ഞിരുന്നത്
നന്ദന്‍കോട് കൊലപാതകം; ജിന്‍സന്റെ കാലില്‍ പൊള്ളിയ പാടുകള്‍, വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് പോയതായി ജിന്‍സന്‍ പറഞ്ഞതായി നാട്ടുകാര്‍

നന്ദന്‍കോട്: അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് സംശയിക്കുന്ന മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലില്‍ പൊലീസ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

കേഡല്‍ ജിന്‍സണും കുടുംബാംഗങ്ങളും കഴിഞ്ഞ ബുധനാഴ്ച ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വീട്ടുജോലിക്കെത്തിയ സ്ത്രീയോടും അയല്‍ക്കാരോടും കുടുംബാംഗങ്ങള്‍ കന്യാകുമാരിയിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് കേഡല്‍ പറഞ്ഞിരുന്നത്. വീട്ടില്‍ താന്‍ മാത്രമെ ഉണ്ടാവുകയുള്ളെന്നും ഭക്ഷണം പാകം ചെയ്ത് കൊണ്ടുവന്നാല്‍ മതിയെന്നും കേഡല്‍ ജോലിക്കാരിയോട് പറഞ്ഞിരുന്നു. 

കൊല്ലപ്പെട്ട ജീന്‍ പദ്മയുടെ സഹോദരന്‍ ജോസിന്റെ വീട്ടിലാണ് ജോലിക്കാരി ഭക്ഷണം പാകം ചെയ്തിരുന്നത്. ഇതെടുക്കാനായി എത്തിയപ്പോള്‍ കേഡലിന്റെ കാലില്‍ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ജോസ്‌ പൊലീസിനോട് പറഞ്ഞതായും സൂചനയുണ്ട്. മൂന്ന് ദിവസം മുന്‍പെങ്കിലും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം ശനിയാഴ്ച തീയിട്ട് കത്തിക്കുകയായിരുന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. തീ നിയന്ത്രണ വിധേയമായതിന് ശേഷമാകാം കേഡല്‍ ജിന്‍സണ്‍ രക്ഷപ്പെട്ടതെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. രാത്രിയില്‍ ഒരാള്‍ വീട്ടില്‍ നിന്നും ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വിദഗ്ധനായ കേഡല്‍ 2009ലാണ് ഓസ്‌ട്രേലിയയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്നായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ജീന്‍ പത്മയ്ക്ക് ബര്‍മയില്‍ ജോലി ലഭിച്ചിരുന്നതായും, മകളുമൊത്ത് ബര്‍മയിലേക്ക് പോകാനുള്ള ഇവരുടെ നീക്കം കേഡല്‍ എതിര്‍ത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

റിട്ട. ആര്‍.എം.ഒ. ഡോ: ജീന്‍ പദ്മ, ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജതങ്കം, ഇവരുടെ മകള്‍ കാരളിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകളിലത്തെ നിലയില്‍ കത്തിക്കരിഞ്ഞ നിലയിലും, ബന്ധുവായ ലളിതാ ജീനിന്റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. പ്രൊഫസര്‍ രാജതങ്കം നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നെന്നും, ഒറ്റയ്ക്ക് ഒരാള്‍ക്ക് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ എങ്ങിനെ സാധിക്കുമെന്നും നാട്ടുകാരും സുഹൃത്തുക്കളും ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com