തിളക്കമാര്‍ന്നതോ കുഞ്ഞാലിക്കുട്ടിയുടെ വിജയം? ആരുടെ പെട്ടിയിലാണ് വീണത് പുതിയ വോട്ടുകള്‍?

തിളക്കമാര്‍ന്നതോ കുഞ്ഞാലിക്കുട്ടിയുടെ വിജയം? ആരുടെ പെട്ടിയിലാണ് വീണത് പുതിയ വോട്ടുകള്‍?


ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ മികച്ച ജയം നേടാനായെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയെയും യുഡിഎഫിനെയും സംബന്ധിച്ച് അത്രമേല്‍ തിളക്കമാര്‍ന്നതല്ല, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലം മുന്നോട്ടുവയ്ക്കുന്ന ചില കണക്കുകള്‍. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ആധികാരിക ജയം നേടിയിട്ടും ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തിന് പിന്നില്‍നില്‍ക്കേണ്ടി വന്നു എന്നത് മുസ്്‌ലിം ലീഗീനെ സംബന്ധിച്ച് അപ്രതീക്ഷിതം തന്നെയാണ്.

രണ്ടു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷത്തോടെ റെക്കോഡ് ജയമാണ് ഉപതെരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കള്‍ കണക്കുകൂട്ടിയിരുന്നത്. 1,94,739 വോട്ട് ആയിരുന്നു 2014ല്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ അനുസരിച്ച് പെരിന്തല്‍മണ്ണയും മങ്കടയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ അതൊന്നും പ്രതിഫലിക്കില്ലെന്നായിരുന്നു ലീഗ് നേതാക്കള്‍ പറഞ്ഞത്. പെരിന്തല്‍മണ്ണയില്‍ എണ്ണായിരത്തോളം വോട്ടും മങ്കടയില്‍ 24,000 വോട്ടും പികെ കുഞ്ഞാലിക്കുട്ടിക്കു ഭൂരിപക്ഷംകിട്ടിയതോടെ അവരുടെ കണക്കുകൂട്ടലുകള്‍ ഏതാണ്ട് ശരിയാവുകയും ചെയ്തു. ഇതിനൊപ്പം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തോളം വോട്ടു നേടിയ എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും സ്ഥാനാര്‍ഥികളില്ല എന്നതു കൂടി പരിഗണിച്ചാണ് ഭൂരിപക്ഷം രണ്ടു ലക്ഷം കടക്കും എന്ന് മുസ്്‌ലിം ലീഗ് കണക്കുകൂട്ടിയത്. ഈ പാര്‍ട്ടികളുടെ വോട്ടുകള്‍ ലീഗിന്റെ പെട്ടിയില്‍ വീണെങ്കില്‍ പുതിയ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ലീഗിനെ കൈവിട്ടോ എന്ന ചോദ്യമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉയരുന്നത്. 

47853 വോട്ടാണ് എസ്ഡിപിഐ മലപ്പുറത്ത് കഴിഞ്ഞ തവണ നേടിയത്, വെല്‍ഫെയര്‍ പാര്‍ട്ടി 29216 വോട്ടും. ഇരു പാര്‍ട്ടികളും ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഈ വോട്ടുകള്‍ യുഡിഎഫിനു ലഭിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും വോട്ടു വേണ്ടെന്ന് ചില സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനയും കോണ്‍ഗ്രസ് പാലം വലിക്കുമെന്ന ആശങ്കയില്‍ കുഞ്ഞാലിക്കുട്ടി ഇരുപാര്‍ട്ടികളുമായും ധാരണയുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളും തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേതുമായ എണ്‍പതിനായിരത്തോളം വോട്ടില്‍ നല്ലൊരു ശതമാനം യുഡിഎഫിനു ലഭിച്ചെങ്കില്‍ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെ പുതിയ വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം തങ്ങളെ കൈവിട്ടോ എന്നതാണ് ലിഗ് നേതാക്കളെ അലട്ടുന്ന ചോദ്യം.

വോട്ടു വിഹിതത്തില്‍ 2014നെ അപേക്ഷിച്ച് നാലു ശതമാനത്തില്‍ താഴെ വര്‍ധനയാണ് ഇത്തവണ യുഡിഎഫിന് ഉണ്ടായിട്ടുള്ളത്. 51.28 ശതമാനമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന്റെ വോട്ടു വിഹിതം. ഇക്കുറി അത് 55.04 ശമതാനമായി മാറി. വോട്ടു വിഹിതത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് കൂടുതല്‍ നേട്ടമുണ്ടാക്കിയെന്നതും ലീഗിനെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ല. 28.47ല്‍നിന്ന് 36.77ലേക്കാണ് എല്‍ഡിഎഫ് വോട്ടു വിഹിതം ഉയര്‍ന്നത്. ബിജെപിയുടെ വിഹിതം 7.58ല്‍നിന്ന് 7.01ലേക്ക് ഇടിഞ്ഞു.

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ആധികാരികമാണ്, എതിരാളിക്ക് ഒരു മുന്നേറ്റത്തിനും സാധ്യത നല്‍കാത്തതും. എന്നാല്‍ ഇ അഹമ്മദിനെപ്പോലെ അതികായനായ ഒരു നേതാവിന്റെ മരണത്തെത്തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെപ്പോലെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ കിട്ടേണ്ട തിളക്കം അതിനുണ്ടോയെന്നതാണ് ചോദ്യം. പൊലീസിന്റെ നിരന്തരമായ വീഴ്ചകള്‍, ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരവും തുടര്‍ന്നുണ്ടായ വിവാദങ്ങളും, മുന്നണിയിലെ തമ്മിലടി തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫും പിണറായി സര്‍ക്കാരും പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ഭൂരിപക്ഷത്തെ പ്രതീക്ഷകളിലേക്ക് എത്തിക്കാനാവാത്തത് എന്തുകൊണ്ടെന്ന ചോദ്യമാവും യുഡിഎഫ് ക്യാംപില്‍ ഇനിയുയരുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com