താമരയ്ക്കു വാട്ടം, കേരളം പിടിക്കാന്‍ ബിജെപിക്ക് തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരും

വന്‍ വിജയം നേടിയ യുഡിഎഫും രണ്ടാമത് എത്തിയ എല്‍ഡിഎഫും വോട്ട് ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ പ്രകടിപ്പിക്കുകയും അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്ത ബിജെപി പാടേ പിന്നില
താമരയ്ക്കു വാട്ടം, കേരളം പിടിക്കാന്‍ ബിജെപിക്ക് തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരും


മലപ്പുറം: കേരളത്തില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍തന്നെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്ന ബിജെപിക്ക് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി. വന്‍ വിജയം നേടിയ യുഡിഎഫും രണ്ടാമത് എത്തിയ എല്‍ഡിഎഫും വോട്ട് ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ പ്രകടിപ്പിക്കുകയും അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്ത ബിജെപി പാടേ പിന്നിലായി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ടാണ് ബിജെപി മലപ്പുറത്ത് നേടിയത്. ഇത്തവണ മത്സരിച്ച എന്‍ ശ്രീപ്രകാശ് തന്നെയായിരുന്നു ഇ അഹമ്മദിനും പികെ സൈനബയ്ക്കും എതിരെ കഴിഞ്ഞ തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത്. ഇത്തവണ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടാണ് മണ്ഡലത്തില്‍ ആകെ കൂടിയത്. ഇതിന് ആനുപാതികമായി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ടില്‍ വര്‍ധനയുണ്ടായി. പുതിയ വോട്ടുകളില്‍ ആനുപാതികമായ വര്‍ധനയുണ്ടായില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണത്തെ പ്രകടന്‍ ആവര്‍ത്തിക്കാന്‍ പോലും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് എണ്‍പതിനായിരത്തിലേറെ വോട്ടാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന അസംബ്ലി സീറ്റുകളില്‍ ബിജെപി നേടിയത്. ഇതനുസരിച്ച വന്‍ പിന്നോട്ടുപോക്കാണ് പത്തു മാസം കൊണ്ട് ബിജെപിക്കുണ്ടായത്.

കഴിഞ്ഞ തവണത്തേക്കാള്‍ കുടുതല്‍ വോട്ടു നേടുമെന്നും അത് ഒരു ലക്ഷത്തിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നുമാണ് പ്രചാരണ കാലയളവില്‍ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍ ഇത്തവണ പ്രചാരണം നയിച്ചത്. ദേശീയതലത്തില്‍ തന്നെ കേരളം ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ രൂപീകരിക്കപ്പെടുന്നതിന്റെ അധിക വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും. എന്നിട്ടും പ്രകടനം പാടേ മോശമായത് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രയാസപ്പെടേണ്ടിവരും.

നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്. ഇതിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു വിഹിതത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ പാര്‍ട്ടിക്കായി. ഈ കണക്കുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ബിജെപി ദേശീയ നേതൃത്വം കേരളത്തിനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതുവരെയുണ്ടായ ട്രെന്‍ഡിനുവിരുദ്ധമായി ഒരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്നോട്ടുപോയി എന്നതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com