ശ്രീറാം ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ സിപിഎം അപകടം മണത്തു, പോരു മൂര്‍ഛിച്ചത് ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ തൊട്ടപ്പോള്‍ 

ഭൂരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയതോടെയാണ്‌സിപിഎം പ്രാദേശിക നേതൃത്വം അരയും തലയും മുറുക്കി രംഗത്തുവന്നത്
ശ്രീറാം ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ സിപിഎം അപകടം മണത്തു, പോരു മൂര്‍ഛിച്ചത് ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ തൊട്ടപ്പോള്‍ 


കൊച്ചി: പാപ്പാത്തിച്ചോലയില്‍ പ്രാര്‍ഥനാ സംഘം കയ്യേറിയ ഭൂമി ഒഴിപ്പിച്ച ശേഷം ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ലക്ഷ്യമിട്ടിരുന്നത് ചിന്നക്കനാലിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍. ഇതിനായി ഭൂരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയതോടെയാണ്, നേരത്തെ തന്നെ ഒഴിപ്പിക്കലിനെതിരെ രംഗത്തുണ്ടായിരുന്ന സിപിഎം പ്രാദേശിക നേതൃത്വം അരയും തലയും മുറുക്കി രംഗത്തുവന്നത്. ഇവരുമായുളള ആശയവിനിമയത്തിനു പിന്നാലെയാണ് ഒഴിപ്പക്കല്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായ നിലപാടെടുത്തത്. 

ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റഭൂമിയില്‍ ഭൂരിഭാഗവും സിപിഎം പ്രാദേശിക നേതാക്കളുടെ പക്കലാണുള്ളത്. ഈ മേഖലയിലെ ഭൂരേഖകള്‍ പരിശോധിച്ചു തുടങ്ങിയപ്പോഴാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ സിപിഎം സമരം പ്രഖ്യാപിച്ചതും. ഇവരില്‍ പലരുടെയും ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് പറയുന്നത്. എന്നാല്‍ പലരും നേരത്തെ തന്നെ പട്ടയം നേടിയെടുത്തിട്ടുണ്ടെന്നും അതിന്റെ നിയമസാധുതയാണ് പരിശോധിക്കുന്നതെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. ചിന്നക്കനാല്‍ മേഖലയിലെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ വ്യക്തമായ സൂചന നല്‍കിയ സാഹചര്യത്തില്‍ പ്രാദേശിക സിപിഎം നേതൃത്വം കിട്ടിയ അവസരമായി പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്തത് ഉപയോഗിക്കുകയായിരുന്നു. കുരിശ് നീക്കം ചെയ്തതിനെ എതിര്‍ത്തുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സമാനമായ വാചകളാണ് കോട്ടയത്ത് റവന്യു നടപടിയെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞും.

ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കൊപ്പം ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണിന്റെ ഭൂമിയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപത്തില്‍ പരിശോധനകള്‍ ആരംഭിച്ചതും ശ്രീറാമിനെതിരെ സിപിഎം നേതാക്കളുടെ നിലപാടു കടുപ്പിക്കാന്‍ കാരണമായി. ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണ്‍ താമസിക്കുന്ന 59 സെന്റ് ഭൂമിയെ സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നത്. ജോബി ജോണിന്റെ അടുത്ത ബന്ധു ജോര്‍ജ് ദാസിന്റെ പേരിലാണ് ഭൂമി.  പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പട്ടയമാണ് ലോക്കല്‍ സെക്രട്ടറിയുടെ ബന്ധുവിന് 3/83 എന്ന നമ്പറില്‍ ലഭിച്ചിരിക്കുന്നത്. പട്ടികജാതി പറയ എന്നും ക്രിസ്ത്യന്‍ വിഭാഗമെന്നും പട്ടയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംശയകരമാണെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്. പട്ടയത്തില്‍ പറയുന്നതിലും കൂടുതല്‍ സ്ഥലം ഇവര്‍ കൈവശം വച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് റവന്യു സംഘം പരിശോധന നടത്തിയിരുന്നു. മൂന്ന് കെട്ടിടങ്ങളാണ് ഈ സ്ഥലത്തുള്ളത്. ഇതില്‍ ഒരു കെട്ടിടം ഹോം സ്‌റ്റേയായും മറ്റൊരെണ്ണം വാടകയ്ക്കും നല്‍കിയിരിക്കുകയാണ്. 

ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ റവന്യു സംഘം നടത്തിയ പരിശോധനയില്‍ ഗൂഢാലോചന ആരോപിച്ച് സിപിഎം അന്നുതന്നെ രംഗത്തുവന്നിരുന്നു. പതിറ്റാണ്ടുകള്‍ തലമുറകളായി താമസിച്ചു വരുന്ന പട്ടയ ഭൂമി ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പിലെ സര്‍വേ ഉദ്യോഗസ്ഥര്‍ പൊലീസ് സന്നാഹത്തോടെ പരിശോധിക്കാനെത്തിയത് ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് പാര്‍ട്ടി കുറ്റപ്പെടുത്തിയത്. ദൃശ്യമാധ്യമങ്ങളുടെ അകമ്പടിയോടെ അളക്കാനെത്തിയത് സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കാനും ഇത് പുറത്തെത്തിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മൂന്നാര്‍ ഏരിയ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപണമുന്നയിച്ചിരുന്നു. ഇതേ വാദഗതിയാണ് പാപ്പാത്തിച്ചോലയിലെ ഒഴിപ്പിക്കലിനെതിരെ സിപിഎം സംസ്ഥാന നേതാക്കള്‍ മുന്നോട്ടുവച്ചത്. ഒഴിപ്പിക്കലിന് മുഖ്യമന്ത്രി തന്നെ തടയിട്ടതോടെ കയ്യേറ്റത്തിന് എതിരായ നടപടികള്‍ ഇനി ഏറെയൊന്നും മുന്നോട്ടുപോവില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. മൂന്നാര്‍ വാര്‍ത്തകളില്‍നിന്നു മായുന്നതോടെ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സ്ഥാനചലനമുണ്ടാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ദേവികുളത്ത് സമരം അവസാനിപ്പിക്കുന്നതിനു മുമ്പായി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍നിന്ന് അവര്‍ക്കു ഉറപ്പു ലഭിച്ചിരുന്നതായും സൂചനകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com