ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം
ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധിയോടെ, ഒഴിവു നിലനില്‍ക്കുന്ന വിജിലന്‍സ് ആസ്ഥാനത്തേക്ക് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ താല്‍ക്കാലികമായി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായി വിവരം. സെന്‍കുമാറിന്റെ കാലാവധി നിലനില്‍ക്കുന്ന ജൂണ്‍ 30 വരെ സെന്‍കുമാറിനെ സഹിച്ചേപറ്റൂ എന്ന അവസ്ഥയിലാണ് ഭരണപക്ഷം. ഇത് ഏറ്റവും തലവേദനയുണ്ടാക്കുന്നത് ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയ്ക്കായിരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.


സെന്‍കുമാറിനെ തിരിച്ചെടുക്കേണ്ടിവന്ന സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിയ്ക്കും രാഷ്ട്രീയമായി നേരിടാവുന്നതാണ്. നേരത്തേതന്നെ മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷത്തുള്ളവര്‍ സെന്‍കുമാര്‍ ആര്‍.എസ്.എസുകാരനാണ്, ബി.ജെ.പിക്കാരനാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം. ഇടതുപക്ഷം സെന്‍കുമാറിനെതിരെ നേരത്തേ പറഞ്ഞിരുന്ന വാദങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുകയാണ് ഈ വിധിയെന്ന് പറഞ്ഞ് സിപിഎമ്മിന് രാഷ്ട്രീയപരമായി രണ്ടുമാസത്തേക്ക് വാദിച്ചുനില്‍ക്കാന്‍ സാധിക്കും. എന്നാല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയ്ക്കാണ് സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തേക്ക് വരുന്നതോടെ തലവേദനയാകുന്നത് എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.


നിലവില്‍ വിജിലന്‍സ് ആസ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ജേക്കബ് തോമസിന്റെ അവധിയില്‍ പ്രവേശിക്കല്‍. ഒഴിഞ്ഞുകിടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കായിരിക്കും നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റുന്നത്. ജൂണ്‍ 30ന് സെന്‍കുമാറിന് വിരമിക്കേണ്ടിവരുന്നതോടെ തിരികെ ബെഹ്‌റയെത്തന്നെ ഡിജിപി സ്ഥാനത്തേക്ക് എത്തിക്കാനും സാധിക്കും. എന്നാല്‍ നിരന്തരമായി പോലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് പറയേണ്ടിവന്നത് ലോക്‌നാഥ് ബെഹ്‌റയുടെ നിറം കെടുത്തിയിരുന്നു. എന്നിരുന്നാലും ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ഡിജിപി സ്ഥാനത്തേക്കുതന്നെ എത്തിക്കുമെന്നതില്‍ ഇടതുപക്ഷത്തെ പ്രമുഖര്‍ക്ക് സംശയമില്ല. ബെഹ്‌റയുടെ മേധാവിത്തത്തിലുള്ള പോലീസ് സംവിധാനത്തില്‍ പിണറായി സര്‍ക്കാര്‍ തൃപ്തരാണെന്നാണ് ചില രാഷ്ട്രീയനേതാക്കള്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിയത് സുപ്രീംകോടതി വിധി സര്‍ക്കാരിന് അനുകൂലമാകില്ലെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടാണെന്നും ഇടതുപക്ഷത്തുള്ള ചിലര്‍ വ്യക്തമാക്കി.


എന്തുതന്നെയായാലും ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ വരുന്നതോടെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാകുന്നത് നളിനി നെറ്റോയായിരിക്കും. നളിനി നെറ്റോയും സെന്‍കുമാറും തമ്മില്‍ നേരത്തെതന്നെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്ത് രണ്ടാംദിവസംതന്നെ സെന്‍കുമാറിനെ മാറ്റിയതിനു പിന്നില്‍ നളിനി നെറ്റോയാണെന്ന് സെന്‍കുമാര്‍ വിശ്വസിക്കുന്നുണ്ട്. സെന്‍കുമാറിനെതിരെ നളിനി നെറ്റോ മൂന്ന് ഫയലുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചതും ഈ ബന്ധത്തെ കൂടുതല്‍ കലുഷിതമാക്കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പോലീസ് ആസ്ഥാനത്തേക്ക്, രണ്ടുമാസത്തേക്കാണെങ്കിലും സെന്‍കുമാര്‍ വരുന്നത് ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോയെയാണ് ബാധിക്കുക. ഭരണനിര്‍വ്വണത്തില്‍ ചീഫ് സെക്രട്ടറിയും പോലീസ് ചീഫും ഒരുമിച്ചുള്ള പ്രവര്‍ത്തനം അത്യാവശ്യമാണെന്നിരിക്കെ ഒട്ടും ഊഷ്മളമല്ലാത്ത ബന്ധം സൂക്ഷിക്കുന്ന രണ്ടുപേര്‍ ഈ സ്ഥാനത്തിരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ ആശങ്കയോടെയാണ് കാണുന്നത്. നിലവില്‍ അല്‍പം തണുത്തിരിക്കുന്ന ഐ.എ.എസ് - ഐ.പി.എസ്. തര്‍ക്കം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണുള്ളതെന്നും റിട്ടയേര്‍ഡ് ഐ.എ.എസ്. - ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com