ഡി സിനിമാസ് അടച്ചുപൂട്ടുന്നതിനിടയ്ക്ക് സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

നേരത്തെ നോട്ടീസ് നല്‍കിയില്ലെന്നു കാണിച്ച് തിയേറ്റര്‍ അടച്ചു പൂട്ടാനുള്ള നീക്കം ജീവനക്കാര്‍ തടയുകയായിരുന്നു
ഡി സിനിമാസ് അടച്ചുപൂട്ടുന്നതിനിടയ്ക്ക് സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടി. ടിക്കറ്റുകള്‍ നേരത്തെ വിറ്റഴിഞ്ഞതിനാല്‍ വെള്ളിയാഴ്ച കൂടി പ്രദര്‍ശനം നടത്താന്‍ അനുവദിച്ച ശേഷമാണ് തീയേറ്റര്‍ പൂട്ടിയത്. ഇന്നലെ വൈകീട്ട് 5.45ന് നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തിയേറ്ററിലെത്തി അടച്ചുപൂട്ടി സീല്‍ ചെയ്യുകയാണെന്ന് അറിയിച്ചു. 

എന്നാല്‍ നേരത്തെ നോട്ടീസ് നല്‍കിയില്ലെന്നു കാണിച്ച് തിയേറ്റര്‍ അടച്ചു പൂട്ടാനുള്ള നീക്കം ജീവനക്കാര്‍ തടയുകയായിരുന്നു. ഇതോടെ നഗരസഭ പൊലീസ് സഹായം തേടി. ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തിയേറ്റര്‍ ജീവനക്കാര്‍ തടയുകയും കയേറ്റം ചെയ്യുകയും ചെയ്തു.

നഗരസഭ അധികൃതരും പൊലീസും തിയേറ്റര്‍ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അടുത്ത രണ്ട് ഷോകള്‍ നടത്താന്‍ അനുവദിക്കുകയായിരുന്നു. അതിനുശേഷം തിയേറ്റര്‍ സ്വമേധയാ അടയ്ക്കാമെന്ന് എഴുതിനല്‍കാമെന്ന് തിയേറ്റര്‍ അധികൃതരും സമ്മതിച്ചു. 

ഡിസിനിമാസുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭ വിളിച്ചുചേര്‍ത്ത പ്രത്യക കൗണ്‍സില്‍ യോഗത്തിലാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തീയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31ന് തിയേറ്ററിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. പുതുക്കി നല്‍കുന്നതിന് തിയേറ്റര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ഇല്ലാത്തതിനാല്‍ പുതുക്കി നല്‍കിയിരുന്നില്ല.

കൂടാതെ നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണു നടപടിക്ക് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നത് ജനറേറ്റര്‍ ലൈസന്‍സ് ഇല്ലാതെയാണ്. പക്ഷെ ഡി സിനിമാസ് ഇതും നേടിയിട്ടുണ്ട്. ഇത്തവണ ഫീസ് അടച്ചുകഴിഞ്ഞു. നഗരസഭാ അധികൃതരുടെ പ്രതികാരബുദ്ധി ഇവിടുത്തെ അറുപതിലധികം വരുന്ന ജീവനക്കാരുടെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയര്‍ന്നത്. സ്ഥലം കയ്യേറിയതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നഗരസഭ നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com