ദീലീപിന് ജയിലില്‍ സുഖവാസം, സെല്ലില്‍ എത്തുന്നത് രാത്രിയില്‍ മാത്രം, ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കൊപ്പമെന്ന് സഹതടവുകാരന്‍

രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ പിന്നെ ദിലീപിനെ കാണില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് ദിലീപ് കഴിയുന്നത്. അവിടത്തെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്.
ദീലീപിന് ജയിലില്‍ സുഖവാസം, സെല്ലില്‍ എത്തുന്നത് രാത്രിയില്‍ മാത്രം, ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കൊപ്പമെന്ന് സഹതടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അസ്റ്റിലായ നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് സെല്ലില്‍ എത്തുന്നതെന്നും ബാക്കി സമയമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് കഴിയുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് സനൂപിന്റെ വെളിപ്പെടുത്തല്‍.

ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താതെ വാര്‍ത്തകള്‍ നിഷേധിക്കുന്ന സമീപനമാണ് അധികൃതര്‍ കൈക്കൊണ്ടത്. ദിലീപിന് ജയിലില്‍ ഒരുവിധ പ്രത്യേക സൗകര്യവും ചെയ്തുകൊടുത്തിട്ടില്ലെന്ന് ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹതടവുകാരനായിരുന്നു പുറത്തിറങ്ങിയ ആളുടെ വെളിപ്പെടുത്തല്‍.

രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് സെല്ലില്‍ എത്തുന്നതെന്ന് സനൂപ് പറയുന്നു. രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ പിന്നെ ദിലീപിനെ കാണില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് ദിലീപ് കഴിയുന്നത്. അവിടത്തെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമാണ് ദിലീപിനു നല്‍കുന്നത്. രാത്രി മാത്രം സെല്ലില്‍ തിരിച്ചെത്തുന്ന ദിലീപ് മറ്റു തടവുകാരോടൊപ്പം ഭക്ഷണം കഴിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നില്ലെന്നും സനൂപ് പറഞ്ഞു.

മര്‍ദനം ഭയന്നാണ് മറ്റു തടവുകാര്‍ ഇക്കാര്യം പുറത്തുപറയാത്തത്. കോടതിയിലക്കു കൊണ്ടുപോവുമ്പോഴോ മറ്റെവിടെയെങ്കിലുമോ ഇതു പറഞ്ഞാല്‍ തിരിച്ചെത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ കൊടുംമര്‍ദനത്തിന് ഇരയാവേണ്ടിവരും. അതുകൊണ്ട് സഹതടവുകാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സനൂപ് പറഞ്ഞു.

ജയിലില്‍ കഴിയുന്നയാളെ അടുത്ത ബന്ധക്കള്‍ക്കു മാത്രം കാണാന്‍ അനുവാദമുള്ളപ്പോള്‍ ആലുവയിലെ ഒരു വ്യവസായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വ്യവസായി എത്തിയ ദിവസം ഞായറാഴ്ചയായിട്ടും ജയില്‍ സൂപ്രണ്ട് ജയിലില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍  വിഐപി തടവുകാരന്‍ ജയിലില്‍ ഉള്ളതിനാലാണ് ഞായറാഴ്ച ഡ്യൂട്ടിക്കെത്തിയത് എന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. 

റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ നാളെ ദിലീപീനെ വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ഹാജരാക്കല്‍. സുരക്ഷ പരിഗണിച്ച് ദിലീപിന് നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കഴിഞ്ഞ തവണയും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. 

ഹൈക്കോടതിയില്‍ പുതിയ അഭിഭാഷകനെ വച്ച് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് സൂചനകളുണ്ട്. ബി രാമന്‍പിള്ളയാണ് ദിലീപീന്റെ പുതിയ അഭിഭാഷകന്‍. നേരത്തെ കെ രാംകുമാര്‍ ആയിരുന്നു ദിലീപിനു വേണ്ടി ഹാജരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com