പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല, സിനിമാ ജീവിതം തകര്‍ക്കാന്‍ ഗൂഢാലോചന; ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ രംഗത്തെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി - മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തെയും ഇവര്‍ ഇവര്‍ സ്വീധാനിച്ചു
പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല, സിനിമാ ജീവിതം തകര്‍ക്കാന്‍ ഗൂഢാലോചന; ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ഒരു മാസമായി ജയില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും സിനിമാ രംഗത്തെ ചിലര്‍ തനിക്കെതിരെ ഗുഢാലോച നടത്തിയെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിളള മുഖേനയാണ് ദിലീപ് രണ്ടാമതും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ അഡ്വ. കെ രാംകുമാര്‍ ആയിരുന്നു ദിലീപിനു വേണ്ടി ഹാജരായത്. ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ രംഗത്തെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് പുതിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തെയും ഇവര്‍ സ്വീധാനിച്ചു. താന്‍ അറസ്റ്റിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അന്‍പതു കോടിയോളം രൂപയാണ് ഇതില്‍ മുതല്‍ മുടക്കിയിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുളളത്. 

നേരത്തെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ദിലീപന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അപ്പുണ്ണി അന്വഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. വീണ്ടും ആവശ്യപ്പെടുമ്പോള്‍ എത്താമെന്ന് അപ്പുണ്ണി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല എന്നതായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നതിന് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി സുനില്‍ കുമാറിന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ലെങ്കിലും മൊബൈല്‍ എവിടെയുണ്ട് എന്നതു സംബന്ധിച്ച് സൂചനയൊന്നും കണ്ടെത്താനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇതേ കാര്യം വീണ്ടും കോടതിയില്‍ ഉന്നയിക്കില്ലെന്നും ദീലീപിന്റെ അഭിഭാഷകര്‍ കരുതുന്നു. 

ആദ്യത്തെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ടു സാഹചര്യവും നിലനില്‍ക്കുന്നില്ല. ഇത് ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിനു ഗുണം ചെയ്യുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com