നടിയെ ആക്രമിച്ച കേസില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചത് ഇങ്ങനെ

പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷണ സംഘം അവലംബിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ പുറത്തുള്ള മറ്റു പ്രതികള്‍ സംരക്ഷിക്കുമെന്ന സുനിലിന്റെ വിശ്വാസം തകര്‍ത്തു
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ചത് ഇങ്ങനെ

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കേരള പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്  'സ്റ്റൂള്‍ പിജെന്‍', 'റീഡ് മെതേഡ്' എന്നീ രീതികള്‍ ഉപയോഗിച്ച്.ദീലീപിന് ജാമ്യം നല്‍കരുതെന്ന് ആവവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് ആറു മാസമായി പൊലീസ് പ്രയോഗിച്ച ശാസ്ത്രീയാന്വേഷണ മാര്‍ഗങ്ങളുടെ വിവരങ്ങളുള്ളത്.

ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി നടിയില്‍ നിന്നു പണം തട്ടാനായിരുന്നു പദ്ധതിയെന്നാണ് പള്‍സര്‍ സുനി തുടക്കം മുതല്‍ പറഞ്ഞത്. തുടര്‍ന്ന് മാര്‍ച്ച് എട്ടിനാണ്, ഗൂഢാലോചന, ക്വട്ടേഷന്‍ എന്നിവ സംബന്ധിച്ച ആദ്യവിവരം പൊലീസിന് ലഭിച്ചത്. ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്നുതന്നെ സൂചന ലഭിച്ചിരുന്നു. പിന്നീടാണു പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷണ സംഘം അവലംബിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ പുറത്തുള്ള മറ്റു പ്രതികള്‍ സംരക്ഷിക്കുമെന്ന സുനിലിന്റെ വിശ്വാസം തകര്‍ക്കുകയാണ് പൊലീസ് ആദ്യം ചെയ്തത്. അതിനൊപ്പം പൊലീസിന്റെ ഏജന്റുമാരായ തടവുപുള്ളികള്‍ (സ്റ്റൂള്‍ പിജെന്‍) സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. സംഭാഷണങ്ങള്‍ പൊലീസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു

അന്വേഷണത്തിന്റെ രണ്ടാം ഘട്ടം പ്രതികളുടെ ചോദ്യം ചെയ്യലായിരുന്നു. അതിനായി സൗഹൃദഭാവത്തില്‍ പ്രതികളുടെ മനസ്സു തുറപ്പിക്കുന്ന 'റീഡ് മെതേഡ്' ചോദ്യം ചെയ്യല്‍ പ്രയോഗിച്ചു. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടങ്ങിയ സംഘം തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സുനിലും കൂട്ടുപ്രതികളും മനസ്സു തുറന്നത്. ഒന്‍പതു ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കുന്ന ചോദ്യം ചെയ്യല്‍ മുറയാണിത്. നേരിട്ടു കുറ്റം ആരോപിച്ചു നിഷേധിപ്പിക്കല്‍, കുറ്റകൃത്യത്തിന്റെ മുഴുവന്‍ തെളിവുകളും നിരത്തിയശേഷം പ്രതിക്കുവേണ്ടി ന്യായീകരണം കണ്ടെത്തല്‍, തെളിവുകള്‍ നിരത്തി പ്രതിയുടെ മൊഴികള്‍ പൊളിക്കല്‍, പ്രതിയുടെ മൊഴികളെ സൗഹൃദഭാവത്തില്‍ ഖണ്ഡിക്കല്‍, പ്രതിരോധിക്കുന്ന രീതിയുടെ അപഗ്രഥനം, നിസഹകരണത്തെ തന്ത്രപരമായി കൈകാര്യം ചെയ്യല്‍, കുറ്റത്തിനു നിര്‍ദോഷമെന്നു തോന്നുന്ന കാരണം അവതരിപ്പിക്കല്‍, നിര്‍ദോഷമായ കാരണം സമ്മതിപ്പിക്കല്‍, കുറ്റം വാക്കാല്‍ സമ്മതിച്ചാല്‍ രേഖപ്പെടുത്തല്‍, സമ്മതിച്ചില്ലെങ്കില്‍ മറ്റു ചോദ്യം ചെയ്യല്‍ മുറകള്‍ എന്നിവയാണ് ആ ഘട്ടങ്ങള്‍.നടിയെ ഉപദ്രവിച്ച കേസില്‍ സുനില്‍കുമാര്‍ വരെയുള്ള പ്രതികള്‍ ആദ്യഘട്ടത്തിലേ കുറ്റം രേഖപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com