ദിലീപിന് മോചനം

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു
ദിലീപിന് മോചനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് എണ്‍പത്തിയഞ്ചു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചനം. ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ടു പേരുടെ ആള്‍ ജാമ്യം വേണം എന്നിവയാണ് ദിലീപിന്റെ മോചനത്തിനുള്ള മുഖ്യ വ്യവസ്ഥകള്‍. പാസ്‌പോര്‍ട്ട് കോടതിക്കു കൈമാറണം. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയാണ് കുറ്റമെന്നും അതിന് ഇനിയും പ്രതി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ദിലീപിന്റെ ജാമ്യാപേക്ഷ അനുവദിച്ചിരിക്കുന്നത്. 

സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ദിലീപ് മുന്നോട്ടുവച്ചിരുന്നത്. ഇതേ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചിരുന്നു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മാനേജരെ കാവ്യയുടെ െ്രെഡവര്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യം തടയാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. ഫോണ്‍ എവിടെയെന്നും ഇക്കാര്യത്തില്‍ അന്വേഷണം ഏതു ഘട്ടത്തിലാണെന്നും വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു.

അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ വിവരങ്ങള്‍ അറിയുകയെന്നത് പ്രതിയുടെ അവകാശമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com