വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍
വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. അഴിമതി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലിക്കാരാണ്. ഭൂരിപക്ഷവും നല്ല രീതിയില്‍ ജോലി ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

കേരളം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും, വയനാട്ടിലെ മിച്ചഭൂമി പതിച്ചുനല്‍കാനുള്ള നീക്കം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പണം വാങ്ങി സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുക്കാനാണ് നീക്കം. സിപിഐ വയനാട് ജില്ലാ സെക്രട്ടറിയും സംഘത്തില്‍ കണ്ണിയാണ്. എല്ലാം ശരിയാക്കിത്തരാം എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും സതീശന്‍ ആരോപിച്ചു. 

സിപിഐ നേതൃത്വം ഇപ്പോള്‍ ജില്ലാ സെക്രട്ടറിയെ ന്യായീകരിക്കുകയാണ്. അദ്ദേഹത്തിന് ഇതില്‍ പങ്കില്ലെങ്കില്‍ ഇത്തരത്തില്‍ ക്രമക്കേട് അനുവദിക്കില്ലെന്ന് അല്ലായിരുന്നോ പറയേണ്ടിയിരുന്നത്. ഭരണകക്ഷിയുടെ ഒത്താശയുണ്ടെന്ന് തെളിഞ്ഞു. വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് നേര്‍ക്ക് ഭീഷണി ഉണ്ടെന്നും സതീശന്‍ സഭയില്‍ പറഞ്ഞു. 

അതേസമയം അടിയന്തര പ്രമേയ നോട്ടീസില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്നും അതിനാല്‍ നോട്ടീസ് പരിഗണിക്കരുതെന്നും സിപിഐയിലെ സി ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ആരോ ഉന്നയിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സഭയില്‍ ആരോപണം ഉന്നയിക്കുന്നതെന്നും സിപിഐ ആരോപിച്ചു. എന്നാല്‍ സ്പീക്കര്‍ ക്രമപ്രശ്‌നം തള്ളി. 

വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വിഷയം രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മിച്ചഭൂമി തട്ടിപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ റവന്യൂവകുപ്പ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏഷ്യനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com