അശ്ലീല കഥകള്‍ വായിച്ച് രസിച്ചു, മോര്‍ഫിംഗ് തുടങ്ങി ; ബിബീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു 

ഫേസ്ബുക്കിലെ ഫോട്ടോകള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്തതെന്നാണ് ബിബീഷ് പൊലീസിനോട് പറഞ്ഞത്
അശ്ലീല കഥകള്‍ വായിച്ച് രസിച്ചു, മോര്‍ഫിംഗ് തുടങ്ങി ; ബിബീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു 

കോഴിക്കോട് : സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്‌ളീല ഫോട്ടോകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ ബിബീഷ് ഒറിജിനലിനെ വെല്ലുംവിധമാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരുന്നതെന്ന് പൊലീസ്. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് സ്റ്റുഡിയോയിലെ ജീവനക്കാരനായ ബിബീഷ് എഡിറ്റിംഗില്‍ അഗ്രഗണ്യനായിരുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്‌ളീല ഫോട്ടോകള്‍ നിര്‍മ്മിച്ചു സൂക്ഷിക്കുക വീഡിയോ എഡിറ്റര്‍ ബിബീഷിന്റെ വിനോദമായിരുന്നു. 

അശ്ലീല പുസ്തകങ്ങളിലെ കഥകള്‍ വായിച്ച് രസിക്കുമായിരുന്നെന്ന് ബിബീഷ് പൊലീസിന് മൊഴി നല്‍കി. ഇത് മാനസിക പ്രശ്‌നമായി വളര്‍ന്നതോടെ കൗണ്‍സിലിംഗിന് വിധേയനാകാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ നാണക്കേട് വിചാരിച്ച് പോയില്ല. എഡിറ്റ് ചെയ്യുമ്പോള്‍ യുവതികളുടെ ഫോട്ടോ സ്വയം ആസ്വദിക്കാനാണ് മോര്‍ഫ് ചെയ്ത് അശ്‌ളീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. 

ഫേസ്ബുക്കിലെ ഫോട്ടോകള്‍ മാത്രമാണ് താന്‍ മോര്‍ഫ് ചെയ്തതെന്നാണ് ബിബീഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇത്തരം ഫോട്ടോകള്‍ ബ്‌ളാക്ക് മെയിലിംഗിന് ഉപയോഗിച്ചിട്ടുണ്ടോ, ഇത് ആര്‍ക്കെല്ലാം അയച്ചുകൊടുത്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇടുക്കി രാജമുടി മുരിക്കാശേരിയിലെ റബര്‍ തോട്ടത്തില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

നേരത്തെ ബിബീഷ് മോര്‍ഫ് ചെയ്ത ഒരു ചിത്രം ഫേസ്ബുക്ക് വഴി ഒരു സുഹൃത്തിന് ലഭിച്ചു. തുടര്‍ന്ന് ഇതില്‍ പൊലീസില്‍ പരാതി എത്തിയെങ്കിലും ഒതുക്കി തീര്‍ക്കുകയായിരുന്നു. സ്റ്റുഡിയോ ഉടമ ചെറുകോട്ട് മീത്തല്‍ ദിനേശനും സഹോദരന്‍ ഫോട്ടോഗ്രാഫര്‍ സതീശനുമായിരുന്നു വിഷയം ഒതുക്കിതീര്‍ക്കാന്‍ ഇടപെട്ടത്. ഇതിനിടെ ബിബീഷിന്റെ ഫോട്ടോ ശേഖരം പരിശോധിച്ച സതീശന്‍ ചില ചിത്രങ്ങള്‍ കൈക്കലാക്കി ബിബീഷിനെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിനേശനെയും സതീശനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com