ശ്രീജിത്തിന് മര്‍ദനമേറ്റത് ലോക്കപ്പില്‍ വെച്ച്;  സ്റ്റേഷനില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു

വരാപ്പുഴ സ്റ്റേഷന്‍ എസ്‌ഐ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു
ശ്രീജിത്തിന് മര്‍ദനമേറ്റത് ലോക്കപ്പില്‍ വെച്ച്;  സ്റ്റേഷനില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു

കൊച്ചി :  ശ്രീജിത്തിന് മര്‍ദനമേറ്റത് വരാപ്പുഴ സ്റ്റേഷന്‍ ലോക്കപ്പില്‍ വെച്ച്. വരാപ്പുഴ സ്റ്റേഷനില്‍ വെച്ചെടുത്ത ശ്രീജിത്തിന്റെ മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. 11.03 ന് എടുത്ത ചിത്രമാണിത്. ചിത്രം വരാപ്പുഴ സ്റ്റേഷന്‍ ലോക്കപ്പിന് അടുത്തുതന്നെ നിര്‍ത്തി എടുത്തിട്ടുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

ശ്രീജിത്തിനെ വീട്ടില്‍ നിന്നും രാത്രിയോടെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മുനമ്പം പൊലീസിന്റെ വാഹനത്തില്‍ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചു. വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ എടുത്ത ചിത്രമാണിതെന്ന് അന്വേഷണസംഘം കണ്ടെത്തി. ചിത്രത്തിലെ സമയം 11.03 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതും ശരിയാണെന്ന് അന്വേഷണസംഘം വിലയിരുത്തി. മൊബൈല്‍ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ശ്രീജിത്തിന്റെ പുറത്തുവന്ന മൊബൈല്‍ ചിത്രം
ശ്രീജിത്തിന്റെ പുറത്തുവന്ന മൊബൈല്‍ ചിത്രം

ആര്‍ടിഎഫ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചിരുന്നതായി ശ്രീജിത്തിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കടുത്ത മര്‍ദനമേറ്റതിന്റെ അവശതകള്‍ കാണാനില്ല. ഇതോടെ സ്‌റ്റേഷന്‍ ലോക്കപ്പില്‍ വെച്ചുള്ള മര്‍ദനമാണ് ശ്രീജിത്തിന്റെ മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത അന്ന് വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ദീപക് അവധിയിലായിരുന്നു. എന്നാല്‍ എസ്‌ഐ രാത്രി ഒന്നരയോടെ സ്‌റ്റേഷനിലെത്തിയിരുന്നു. ശ്രീജിത്തിന് കടുത്ത മര്‍ദനമേറ്റത് ആറാം തീയതി രാത്രിയോ, ഏഴാം തീയതി പുലര്‍ച്ചെയോ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഏഴാം തീയതി രാവിലെയാണ് ശ്രീജിത്തിനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

സംഭവത്തില്‍ വരാപ്പുഴ സ്റ്റേഷന്‍ എസ്‌ഐ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ് ഐ ദീപക്, സിഐ ക്രിസ്പിന്‍ സാം, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com