വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാ മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ താവളമെന്ന് സിപിഐ

പൊലീസില്‍ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യവും കൃത്യവിലോപവും തടയേണ്ടതുണ്ട് 
വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാ മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ താവളമെന്ന് സിപിഐ

കൊച്ചി : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ. ഗൃഹനാഥനായ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ പ്രതികളെ പിടികൂടിയതിലുള്ള തിടുക്കവും പൊലീസിനെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാ മാഫിയാ ബന്ധമുള്ള പൊലീസുകാരുടെ താവളമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു. 

ശ്രീജിത്തിനെയും സഹോദരനെയും അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്നു കരുതുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണം. വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച സമയത്താണ് ബപ്പി എന്ന മധ്യവയസ്‌കനെ ലോക്കപ്പില്‍ ഇട്ടു മര്‍ദിച്ചുകൊന്നത്. അടുത്ത കാലത്ത് രാധാഭായി എന്ന സ്ത്രീക്കും സ്റ്റേഷനില്‍ നിന്നും ദുരവസ്ഥ നേരിടേണ്ടി വന്നു. 

ഒരു പ്രതിയെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട നിയമപരമായ നടപടികളൊന്നും നാളിതുവരെ ഒരു കേസിലും വരാപ്പുഴ പൊലീസ് അധികൃതര്‍ ചെയ്തിട്ടില്ല. ഇതിന്റെ ആവര്‍ത്തനമാണ് ശ്രീജിത്തിന്റെ  അറസ്റ്റെന്നും പി രാജു പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ പ്രതികളാക്കുമ്പോള്‍, ഒരു കുറ്റവാളിയും രക്ഷപ്പെടാതിരിക്കാന്‍ കര്‍ശന നടപടി വേണം.

പൊലീസില്‍ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യവും കൃത്യവിലോപവും തടയേണ്ടതുണ്ട്. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യണം. ശ്രീജിത്തിന്റെ മരണം രാഷ്ട്രീയ ഉപകരണമാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവരും ഇതിന്റെ കൂടെയുണ്ടെന്നത് മനസിലാക്കി എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും പി രാജു ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com