കസ്റ്റഡിമരണം :  ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം, സിഐ അടക്കം പ്രതികള്‍ ; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് അന്വേഷണസംഘം

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ആര്‍ടിഎഫ് സംഘം മര്‍ദിച്ചു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്
കസ്റ്റഡിമരണം :  ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം, സിഐ അടക്കം പ്രതികള്‍ ; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് അന്വേഷണസംഘം


കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ മൂന്നംഗ ആര്‍ടിഎഫ് സംഘം മര്‍ദിച്ചു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. 

ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമാണ്. നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റെന്നും, അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് സിഐ അന്വേഷണം നടത്തിയില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കൂടാതെ വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദനമേറ്റിരുന്നുവെന്നും സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് സ്റ്റേഷന്റെ ചുമതലയുള്ള സിഐ, മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ ദീപക്, സ്റ്റേഷനിലെ മറ്റ് പൊലീസുകാര്‍ എന്നിവരെ പ്രതി ചേര്‍ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. 

വാസുദേവന്റെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയത് സിഐ ആണെന്നും അന്വേഷണസംഘം കണ്ടെത്തി. അതുകൊണ്ടുതന്നെ റൂറല്‍ എസ്പിയെ കേസില്‍ പെടുത്തേണ്ടെന്നും തീരുമാനമായതായാണ് സൂചന. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ശ്രീജിത്ത് വീട്ടുവരാന്തയില്‍ കിടക്കുകയായിരുന്നു. നിരപരാധിയായതിനാല്‍ പൊലീസ് പിടിച്ചപ്പോള്‍ ശ്രീജിത്ത് പ്രതിരോധിച്ചു. ഇതില്‍ പ്രകോപിതരായാണ് ആര്‍ടിഎഫുകാര്‍ മര്‍ദിച്ചതെന്ന് അന്വേഷണസംഘം വിലയിരുത്തി. 

അതേസമയം ശ്രീജിത്തിന്റെ മരണത്തിന് കാരണമായ മര്‍ദനം എവിടെ വെച്ചാണ് നടന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ആരാണ് ഈ മര്‍ദനത്തിന് പിന്നിലെന്നും അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോഴും, വരാപ്പുഴ സ്റ്റേഷനില്‍ വെച്ചും പൊലീസുകാര്‍ ശ്രീജിത്തിനെ മര്‍ദിച്ചിരുന്നു. ഇതിന് ശേഷം വാഹനത്തില്‍ കൊണ്ടുപോയി ശ്രീജിത്തിനെ മര്‍ദിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എവിടേക്കാണ് കൊണ്ടുപോയത്, ആരൊക്കെയാണ് മര്‍ദിച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. 

ആര്‍ടിഎഫ് അംഗങ്ങളുടെ കോള്‍ ലിസ്റ്റ് അടക്കം അന്വേഷണസംഘം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സ്ഥലപരിചയമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം സജിത്തിനെ പിടികൂടിയെന്നാണ് പൊലീസുകാര്‍ ഫോണില്‍ പറഞ്ഞതെന്ന് ശ്രീജിത്തിന്റെ സഹോദരനും വെളിപ്പെടുത്തി. അതേസമയം വാസുദേവന്റെ ആത്മഹത്യ കേസില്‍ പ്രതിയാക്കിയ സജിത്ത് തന്നോടൊപ്പം സംഭവദിവസം ആശുപത്രിയിലുണ്ടായിരുന്നതായി അയല്‍വാസിയായ സുമേഷ് വെളിപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുമേഷ് പറഞ്ഞു. 

ആളുമാറി ശ്രീജിത്തിനെ പിടികൂടിയത് സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണെന്ന് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. വാസുദേവന്‍ ആത്മഹത്യ ചെയ്തതോടെ, സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണ് ശ്രീജിത്തെങ്കില്‍ അയാള്‍ വീട്ടില്‍ നിര്‍ഭയം കിടന്നുറങ്ങുമോയെന്ന് സതീശന്‍ ചോദിച്ചു. കേസില്‍ ഉള്‍പ്പെട്ട ശ്രീജിത്ത് പ്രാദേശിക ബിജെപി നേതാവിന്റെ മകനാണ്. ഇയാളെയും കേസിലെ യഥാര്‍ത്ഥ പ്രതികളെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പകരം സിപിഎം കൊടുത്തുവിട്ട ലിസ്റ്റിലുള്ളവരെയാണ് പൊലീസ് പിടികൂടിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയും, ഇതിനെ തള്ളി ഭാര്യയും മകനും രംഗത്തുവന്നതും സിപിഎമ്മിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതായും സതീശന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com